ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളത്തെ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നു. റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്ന് 'വേൾഡ് ലീക്‌സ്' എന്ന ഹാക്കർ ഗ്രൂപ്പ് മോഷ്ടിച്ച വിവരങ്ങളിൽ നിലയത്തിന്റെ ബ്ലൂപ്രിന്റുകളും ഉൾപ്പെടുന്നു. പ്രധാന റിയാക്ടർ വിവരങ്ങൾ സുരക്ഷിതമാണെങ്കിലും, ഭാവിയിലെ സൈബർ ആക്രമണങ്ങൾക്ക് ഇത് വഴിവെച്ചേക്കാം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ ആശങ്കയിൽ. ഈ ആണവ നിലയവുമായി ബന്ധപ്പെട്ട അതീവ സുപ്രധാന വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ് ഇതെന്ന് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 'വേൾഡ് ലീക്‌സ്' എന്ന റാൻസംവെയർ ഹാക്കർ ഗ്രൂപ്പാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. കൂടംകുളം ആണവനിലയത്തിന്റെ നിർമ്മാണ പങ്കാളികളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നത്.

'യോറ്റ' എന്ന മൂന്നാം കക്ഷി ഡാറ്റാ സെന്റർ നൽകിയ സെർവറിലാണ് ഈ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. റിലയൻസ് ഗ്രൂപ്പിൽ നിന്ന് ഹാക്കർമാർ കൈക്കലാക്കിയ ലക്ഷക്കണക്കിന് ഫയലുകളിൽ, കൂടംകുളം ആണവനിലയവുമായി നേരിട്ട് ബന്ധമുള്ള പത്തൊൻപതിനായിരത്തിലധികം അതീവ രഹസ്യ രേഖകൾ ഉൾപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡാറ്റ ചോർന്ന വിവരം റിലയൻസ് ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടംകുളത്ത് നിർമ്മാണം പുരോഗമിക്കുന്ന മൂന്ന്, നാല് യൂണിറ്റുകളുടെ വെന്റിലേഷൻ, കൂളിംഗ് സിസ്റ്റം എന്നിവയുടെ എഞ്ചിനീയറിംഗ് ബ്ലൂപ്രിന്റുകളും, കൺട്രോൾ റൂമിന്റെ ഫ്ലോർ പ്ലാനുകളും ചോർന്ന ഫയലുകളിൽ ഉൾപ്പെടുന്നു. കൂടാതെ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോർട്ടുകളും മറ്റ് വിതരണക്കാരുടെ വിവരങ്ങളും ഇതിലുണ്ട്. എന്നാൽ റഷ്യയുടെ റൊസാറ്റം കമ്പനി വികസിപ്പിച്ച ആണവ റിയാക്ടറിന്റെ പ്രധാന കോർ സിസ്റ്റവുമായി ബന്ധപ്പെട്ട രഹസ്യങ്ങളോ പ്രധാന സാങ്കേതികവിദ്യകളോ ചോർന്നിട്ടില്ല എന്നത് തത്കാലം ആശ്വാസം നൽകുന്നുണ്ട്. 2016 മുതൽ 2025 പകുതി വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ചോർന്നതിരിക്കുന്നത്.

ആണവനിലയത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ നേരിട്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ചോർന്ന ബ്ലൂപ്രിന്റുകൾ ശത്രുക്കൾക്ക് ഈ ആണവ നിലയത്തിന്റെ സുരക്ഷാ പഴുതുകൾ കണ്ടെത്താനും കൂടുതൽ ശക്തമായ സൈബർ ആക്രമണം ഭാവിയിൽ ആസൂത്രണം ചെയ്യാനും സഹായകരമാകുമെന്ന് 'ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ്' പ്രതിനിധി നികോളാസ് റോത്ത് മുന്നറിയിപ്പ് നൽകുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള സെർട്ട്-ഇൻ, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.