
ദില്ലി: ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭ അടുത്തമാസം അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. 12 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 26 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കുമെന്നാണ് ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രാജ്യസഭ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. കാലാവധി പൂർത്തിയാകുന്നവരിൽ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്, കേന്ദ്രമന്ത്രിമാരായ രവ്നീത് സിങ്, ജോർജ് കുര്യൻ എന്നിവരും ഉൾപ്പെടുന്നു.
ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നാല് വീതം സീറ്റുകളിലും മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് വീതം സീറ്റുകളിലും ജാർഖണ്ഡിലെ രണ്ട് സീറ്റുകലിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലുമാണ് ജൂൺ 18ന് തെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ, അന്നേദിവസം മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും നടക്കും.
അണ്ണാ ഡിഎംകെ നേതാവ് സി വി ഷൺമുഖം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ രാജിവെച്ച ഒഴിവിലാണ് തമിഴ്നാട്ടിലെ രാജ്യസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലാകട്ടെ, രാജ്യസഭാംഗമായിരുന്ന സുനേത്ര പവാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.
നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റുകളിൽ 18 സീറ്റുകളും കൈയാളുന്നത് എൻഡിഎ ആണ്. കോൺഗ്രസിന് നാലും വൈ എസ് ആർ കോൺഗ്രസിന് മൂന്നും ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് ഒരു സീറ്റുമാണ് ഉള്ളത്. നിയമസഭകളിലെ നിലവിലെ കണക്കുകൾ അനുസരിച്ച് ഇത്തവണ എൻഡിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ട്, 17 സീറ്റുകളിൽ വിജയിക്കാം. അതേസമയം കോൺഗ്രസിന് അംഗസംഖ്യ അഞ്ചായി ഉയർത്താനായേക്കാം. കൂടാതെ, ജാർഖണ്ഡ് മുക്തി മോർച്ച രണ്ട് സീറ്റിലും തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ ഒരു സീറ്റിലും വിജയിക്കാനാണ് സാധ്യത.
മഹാരാഷ്ട്രയിലെ സീറ്റിൽ എൻഡിഎ വിജയിച്ചേക്കും. കർണാടകത്തിലെ നാലിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസിനും ഒരു സീറ്റിൽ ബിജെപിക്കുമാണ് വിജയ സാധ്യത. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി രണ്ട് സീറ്റുകളിൽ വീതവും കോൺഗ്രസ് ഓരോ സീറ്റുകളിൽ വീതവും തെരഞ്ഞെടുക്കപ്പെട്ടേക്കാം. തമിഴ്നാട് നിയമസഭയിൽ തമിഴക വെട്രി കഴകത്തിന് മേൽക്കൈ ഉള്ളതിനാൽ, പാർട്ടിക്ക് കന്നി രാജ്യസഭാ എംപിയെ ലഭിച്ചേക്കാം. ആന്ധ്രാ പ്രദേശിൽ തെലുങ്ക് ദേശം പാർട്ടി നാല് സീറ്റുകളിലും വിജയിക്കാനാണ് സാധ്യത. ഗുജറാത്തിൽ ബിജെപി നാല് സീറ്റുകളിലും വിജയിച്ചേക്കാം. ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ച - കോൺഗ്രസ് സഖ്യം രണ്ട് സീറ്റിലും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത, എന്നാൽ ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി ഒരു സീറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചേക്കാം.
244 അംഗ രാജ്യസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 149 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തിൻ്റെ അംഗസംഖ്യ 78 ഉം പ്രാദേശിക പാർട്ടികൾക്ക് 17 സീറ്റുകളുമാണ് ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam