ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു കേന്ദ്രമന്ത്രി

By Web TeamFirst Published May 30, 2019, 9:50 PM IST
Highlights

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.ഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്.

ദില്ലി: മോദി സര്‍ക്കാറില്‍ സഹമന്ത്രിയായി ഒഡീഷയില്‍ നിന്ന് ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു എം.പി. ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് മോദി സര്‍ക്കാറില്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ലാളിത്യത്തിന്‍റെ പ്രതികമായി അനുയായികള്‍ വിശേഷിപ്പിക്കുന്ന സാരംഗിയെ ഒഡീഷ മോദി എന്നാണ് വിളിക്കുന്നത്. 

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.ഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്. പ്രചരണപര്യടനമാവട്ടെ ഓട്ടോറിക്ഷയിലും സൈക്കിളിലുമായിരുന്നു.

അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം . കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടതോടെ കുടിലില്‍ ഏകനായി. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികള്‍ക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചത്. സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയില്‍ അംഗമായിരുന്നു. 

click me!