
ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രധാന മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ഛാങ്കുർ ബാബയ്‌ക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കുകയാണ്. ഇതിനിടെ ഇയാളുടെ ആഡംബര ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ബൽറാംപൂരിലെ ഇയാളുടെ 70 മുറികളുള്ള കൂറ്റൻ മാളികയാണ് ഇതിൽ പ്രധാനം. ഇവിടമായിരുന്നു ഇയാളുടെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച, അധികൃതര്‍ ഒമ്പത് ബുൾഡോസറുകൾ ഉപയോഗിച്ച് മാളിക പൊളിക്കാൻ തുടങ്ങി. ആദ്യ ദിവസം 20 മുറികളും 40 അടി നീളമുള്ള ഒരു ഹാളും മാത്രമാണ് പൊളിക്കാൻ സാധിച്ചത്. ബുധനാഴ്ചയും ഇത് തുടർന്നു. മാളികയുടെ 40 മുറികളടങ്ങിയ ഭാഗം നിയമവിരുദ്ധമാണെന്നാണ് ഭരണകൂടം അറിയിക്കുന്നത്. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് പറയുന്നതനുസരിച്ച്, ഈ കെട്ടിടം ഛാങ്കുർ ബാബയുടെ കാമുകി നീതു എന്ന നസ്രീനിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ റാക്കറ്റിൽ നസ്രീൻ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമാകുന്നു.
ആരാണ് നീതു എന്ന നസ്രീൻ
ബൽറാംപൂരിലെ ഒരു മധ്യവർഗ്ഗ സിന്ധി കുടുംബത്തിൽ നിന്നുള്ള നീതു ഏഴാം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. 2015-ൽ ഭർത്താവ് നവീൻ ഘനശ്യാം റോഹ്റയോടൊപ്പം ദുബായിലേക്ക് പോയി. അവിടെ വച്ച് ഇരുവരും ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് പൊലീസ് നൽകുന്ന റിപ്പോര്‍ട്ടുകളിൽ പറയുന്നത്. ഇതോടെ നീതു നസ്രീൻ എന്ന പേരും നവീൻ ജലാലുദ്ദീൻ എന്ന പേരും സ്വീകരിച്ചു. 2021-ൽ നവീൻ ഘനശ്യാമിന്റെ മുഴുവൻ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു.
നീതു പിന്നീട് ഛാങ്കുർ ബാബയുടെ വിശ്വസ്ത സഹായിയായി മാറുകയും മതപരിവർത്തന ശൃംഖലയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, സഹായങ്ങൾ വാഗ്ദാനം ചെയ്തും ഛാങ്കുർ ബാബയുമായി ബന്ധപ്പെട്ട 'അത്ഭുതങ്ങളെക്കുറിച്ച്' പ്രചരിപ്പിച്ചും ഇവർ മതപരിവര്‍ത്തന നീക്കങ്ങൾ സജീവമാക്കി. മതം മാറിയതിന് ശേഷമുള്ള തൻ്റെ സ്വന്തം മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചായിരുന്നു ഇവർ ആളുകളെ സമീപിച്ചിരുന്നത്. സാമ്പത്തിക സഹായവും ചികിത്സാ സഹായവും വാഗ്ദാനം ചെയ്ത് കുടുംബങ്ങളെ ഇവർ വശീകരിച്ചു. വിശ്വാസത്തിലെത്തിച്ച ശേഷം, ഛാങ്കുർ ബാബയ്ക്ക് പരിചയപ്പെടുത്തുകയും മതപരിവർത്തനത്തിന് സൗകര്യമൊരുക്കുകയും ചെയ്തു.
നീതുവിന്റെ ഭർത്താവ് റോഹ്റയും ഈ പ്രവർത്തനങ്ങളിൽ സഹായിച്ചിരുന്നു. ഇയാൾ പാവപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്യുകയും പിന്നീട് കടക്കെണിയിൽ അകപ്പെട്ടവരെ മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തു. 2014-നും 2019-നും ഇടയിൽ നീതുവും റോഹ്റയും 19 തവണ യുഎഇ. സന്ദർശിച്ചിരുന്നതായും എടിഎസ് കണ്ടെത്തി. ഇവരുടെ വിദേശത്തുള്ള മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ഛാങ്കുർ ബാബ ബൽറാംപൂരിലെ റെഹ്‌റ മാഫി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്, അവിടെ നീതുവും നവീനും താമസിച്ചിരുന്നു. ഇവരുടെ വസ്ത്രധാരണവും ജീവിതശൈലിയും കണ്ടപ്പോൾ ഇവരുടെ സിന്ധി പശ്ചാത്തലമൊന്നും ആരും അറിഞ്ഞരുന്നില്ല. കഴിഞ്ഞ 70 ദിവസമായി ഛാങ്കുർ ബാബയും നീതുവും ലഖ്‌നൗവിലെ വികാസ് നഗറിലുള്ള സ്റ്റാർ റൂംസ് ഹോട്ടലിലെ 102-ാം നമ്പർ മുറിയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇരുവരേയും യുപി എടിഎസ് ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.