വിവാദത്തിലായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ആരാണ്?

By Web TeamFirst Published May 25, 2021, 6:11 PM IST
Highlights

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഒരു റോഡ് കോണ്‍ട്രാക്ടറായിരുന്നു പ്രഫുല്‍ ഖോഡ പട്ടേല്‍. സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമധാരിയായ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ പങ്കാളിത്തത്തിലുള്ള നിര്‍മ്മാണ കമ്പനിയായ സബര്‍ കണ്‍സ്ട്രക്ഷന്‍  ഗുജറാത്ത് സര്‍ക്കാരിന്‍റെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധമുയര്‍ന്നതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് പ്രഫുല്‍ ഖോഡ പട്ടേല്‍. മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്‍റെ മകന്‍, മുന്‍ ബിജെപി നേതാവ്, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ആഭ്യന്തരമന്ത്രി, മോദിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തി എന്ന് പോകുന്നു പ്രഫുല്‍ ഖോഡ പട്ടേലിനേക്കുറിച്ചുള്ള വിശേഷണങ്ങള്‍.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഒരു റോഡ് കോണ്‍ട്രാക്ടറായിരുന്നു പ്രഫുല്‍ ഖോഡ പട്ടേല്‍. സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമധാരിയായ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ പങ്കാളിത്തത്തിലുള്ള നിര്‍മ്മാണ കമ്പനിയായ സബര്‍ കണ്‍സ്ട്രക്ഷന്‍  ഗുജറാത്ത് സര്‍ക്കാരിന്‍റെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്.

2007ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തുന്നത്. വടക്കന്‍ ഗുജറാത്തിലെ ഹിമ്മത് നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നായിരുന്നു വിജയം. 2010ല്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായി. സൊറാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷാ ജയിലിലായതിന് പിന്നാലെയായിരുന്നു ഇത്.

2012 വരെ പ്രഫുല്‍ ഫോഡ പട്ടേല്‍ ഈ സ്ഥാനത്ത് തുടര്‍ന്നു. എന്നാല്‍ 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമ്മത് നഗറില്‍ നിന്ന് ശക്തമായ തിരിച്ചടിയാണ് പ്രഫുല്‍ ഖോഡ പട്ടേലിന് നേരിട്ടത്. 2012ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ സാന്നിധ്യം കുറവായിരുന്നു. 2016ല്‍ എന്‍ഡിഎ സര്‍ക്കാരാണ്  കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളുടെ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേലിന് ചുമതല നല്‍കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്നുവെന്ന കീഴ്വഴക്കം തെറ്റിച്ചായിരുന്നു ഈ നിയമനം. 2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ പട്ടേലിന് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററെന്ന അധികച്ചുമതല കൂടി നല്‍കുന്നത്.

ഇത് ആദ്യമായല്ല പ്രഫുല്‍ ഖോഡ പട്ടേല്‍ വിവാദങ്ങളില്‍പ്പെടുന്നത്. യുവ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മലയാളി കണ്ണന്‍ ഗോപിനാഥുമായി പ്രഫുല്‍ ഖോഡ പട്ടേല്‍ നിരന്തര പോരിലായിരുന്നു. 2019ല്‍ ദാദ്ര നാഗര്‍ ഹവേലിയുടെ കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥിന് അയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം ഏറെ ചര്‍ച്ചയായിരുന്നു.

പ്രഫുല്‍ ഖോഡ പട്ടേലുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവി രാജി വയ്ക്കുന്നതിന് കാരണമായെന്നാണ് നിരീക്ഷണം. കോണ്‍ഗ്രസ് എംപിയായിരുന്ന മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയ്ക്ക്  കാരണമായത് പ്രഫുല്‍ ഖോഡ പട്ടേല്‍ അടക്കമുള്ളവരായിരുന്നുവെന്നാണ് എംപിയുടെ ആത്മഹത്യാ കുറിപ്പ്. ദാദ്ര നാഗര്‍ ഹവേലിയില്‍ നിന്നുള്ള എംപിയായിരുന്നു മോഹന്‍ ദേല്‍ക്കര്‍. ഈ ആരോപണത്തില്‍ മുംബൈ പൊലീസ് പട്ടേലിനെതിരെ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!