ആരാകും ജനറൽ സെക്രട്ടറി? ബേബിക്കൊപ്പം രാഘവലുവിനും സാധ്യത; റിയാസ്, സ്വരാജ്, ബിജു, കേന്ദ്ര കമ്മിറ്റിയിൽ ആരൊക്കെ?

Published : Apr 04, 2025, 05:44 PM ISTUpdated : Apr 04, 2025, 09:36 PM IST
ആരാകും ജനറൽ സെക്രട്ടറി? ബേബിക്കൊപ്പം രാഘവലുവിനും സാധ്യത; റിയാസ്, സ്വരാജ്, ബിജു, കേന്ദ്ര കമ്മിറ്റിയിൽ ആരൊക്കെ?

Synopsis

സിപിഎം പാർട്ടി കോൺഗ്രസിൽ അടുത്ത ജനറൽ സെക്രട്ടറി ആരാകുമെന്നതാണ് പ്രധാന ചോദ്യം. പ്രായപരിധി കാരണം പല മുതിർന്ന നേതാക്കളും ഒഴിയുന്ന സാഹചര്യത്തിൽ, പിണറായി വിജയന്റെ നിലപാട് നിർണ്ണായകമാകും. കേന്ദ്രകമ്മിറ്റിയിലേക്ക് ആരൊക്കെ വരുമെന്നതും ശ്രദ്ധേയമാണ്

മധുര: മധുരയിൽ സി പി എം പാർട്ടി കോൺഗ്രസ് പുരോഗമിക്കുമ്പോൾ ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യം അടുത്ത ജനറൽ സെക്രട്ടറി ആരാകും എന്നതാണ്. സംഘടന റിപ്പോർട്ട് അവതരിപ്പിക്കാൻ രാഘവലുവിനെ ചുമതലപ്പെടുത്തിയതോടെ അടുത്ത പാർട്ടി ജനറൽ സെക്രട്ടറി ആര് എന്നതിൽ സസ്പെൻസ് അവശേഷിപ്പിക്കുകയാണ് കേന്ദ്ര നേതൃത്വം. പ്രകാശ് കാരാട്ട്, മണിക്ക് സർക്കാർ, ബ്രിന്ദ കാരാട്ട്, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ, സുഭാഷിണി അലി 75 വയസ് പൂർത്തിയായ 6 പേർ പി ബിയിൽ നിന്ന് ഒഴിയുകയാണ്. ഇളവ് നേടുമെന്ന് ഉറപ്പായ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പി ബിയിലെ ഒരേയൊരു കാരണവർ. റിട്ടയർമെന്‍റ് ബാധകമല്ലാത്ത പിണറായി നിലവിൽ പാർട്ടിയുടെ ഒരേയൊരു മുഖ്യമന്ത്രിയാണ്. അത്കൊണ്ട് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പാണ്.

പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കടുത്ത എതിർപ്പ്; സിപിഎം പിബിയിലേക്ക് രണ്ട് വനിതകൾ

പിന്നെ സീനിയർ എം എ ബേബിയാണ്. സീനിയോറിറ്റി മാത്രം കൊണ്ട് കാര്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന ഉത്തരമാണ് സി പി എം പലപ്പോഴും നൽകിയിട്ടുള്ളത്. എസ് ആർ പിയുടെ കാര്യത്തിൽ അടക്കം ഇത് കണ്ടതാണ്. സംഘടന റിപ്പോർട്ട് അവതരിപ്പിക്കാൻ ബി വി രാഘവലുവിനെ പി ബി ചുമതല പെടുത്തിയതോടെ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ കോമ്പറ്റിഷൻ ഉണ്ടെന്ന സന്ദേശമാണ് പുറത്തുവരുന്നത്. ബേബിക്കും രാഘവാലുവിനും പ്രായം 70 ആണ്.

ഇ എം എസ് ജനറൽ സെക്രട്ടറി ആയ കാലത്തെ രാഷ്ട്രീയം അല്ല ഇപ്പോൾ. അന്ന് ദില്ലിയിലും കേരളത്തിലും കോൺഗ്രസ് ശത്രുപക്ഷത്തായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. ദില്ലിയിൽ മിത്രവും കേരളത്തിൽ ശത്രുവുമാണ് കോൺഗ്രസ്. യെച്ചൂരിയോ കാരാട്ടോ കൈ പിടിക്കും പോലെ ആകില്ല ബേബി ജനറൽ സെക്രട്ടറി ആയാൽ കാര്യങ്ങൾ. കോൺഗ്രസ് ബന്ധത്തിൽ അടക്കം കേരളത്തിൽ എതിരാളികൾക്ക് പ്രഹര ശേഷി കൂടും. അതുകൊണ്ടുതന്നെ ആരാകും ജനറൽ സെക്രട്ടറിയാകുകയെന്നത് കണ്ടറിയണം.

ഇതിനൊപ്പം തന്നെ സസ്പെൻസാണ് ആരൊക്കെയാകും കേരളത്തിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലെത്തുകയെന്നതും. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്നും മൂന്ന് ഒഴിവുകളാണുള്ളത്. ഇതിലേക്കായി അര ഡസൻ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ടി പി രാമകൃഷ്ണനാണ് സാധ്യതയിൽ ഒന്നാമത്. എൽ ഡി എഫ് കൺവീനറായതുകൊണ്ടുതന്നെ കേന്ദ്ര കമ്മിറ്റി അംഗത്വം ടി പിക്ക് ഏറക്കുറെ ഉറപ്പിക്കാം. മുഹമ്മദ് റിയാസാണ് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരാൾ. പാർട്ടിയിൽ മുഹമ്മദ് റിയാസിന്റെ അടുത്ത പടവ് കേന്ദ്ര കമ്മിറ്റി അംഗത്വമാണ്. റിയാസിന് സാധ്യത ഉയർത്തുന്നതാണ് നിലവിലെ നീക്കങ്ങൾ. മുഹമ്മദ് റിയാസിനെ പാർട്ടി കോൺഗ്രസിൽ കേരള ഘടകത്തിൽ നിന്നുള്ള ചർച്ചയിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതടക്കം ശ്രദ്ധേയമായ നീക്കമായാണ് വിലയിരുത്തുന്നത്. മറ്റൊരു യുവ സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ ചർച്ചക്ക് തീരുമാനിച്ച എട്ട് പേരിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിന്‍റെ മറുവശം. സി സിയിൽ റിയാസിനൊപ്പം പി കെ ബിജുവിനും സാധ്യത ഏറെയാണ്. ശ്രീമതി ഒഴിയുമ്പോൾ ഒരു വനിത വേണമെന്നതും പാർട്ടി പരിഗണിക്കും. ടി എൻ സീമ മുന്നിലുണ്ട്, എന്നാൽ സീമയേക്കാൾ സീനിയർ ആയ മേഴ്സി കുട്ടി അമ്മയെ തഴഞ്ഞ് തീരുമാനം എടുക്കുമോ എന്നതാണ് മധുരയിലെ ചോദ്യം. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടാതെ പോയ എം ബി രാജേഷിന് കേന്ദ്ര കമ്മിറ്റിയിൽ ഒരു സീറ്റ് ഉണ്ടാകാനുള്ള സാധ്യത എത്രയെന്നും കണ്ടറിയണം. റിയാസിനേക്കാൾ സീനിയറാണ് എം ബി രാജേഷ് എന്നത് പാർട്ടി പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തലുകൾ. നാളെ വൈകിട്ടോടെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കേന്ദ്ര കമ്മിറ്റി കടക്കുമെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്