
ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക്ക് ഡൗണ്‍ ചെയ്യാനുള്ള തീരുമാനം വൈകിപ്പോയെങ്കിലും ഒരിക്കലും ഇല്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ ഇപ്പോഴെങ്കിലുമുള്ള പ്രഖ്യാപനമെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ലോക്ക് ഡൗണിനെ പരിഹസിക്കുന്നവര്‍ അടുത്ത 21 ദിവസമെങ്കിലും നിശബ്ദരായി കൊണ്ട് രാജ്യത്തിന് വേണ്ടി വലിയ സഹായം ചെയ്യണമെന്നും എന്തൊക്കെ പ്രയാസങ്ങളുണ്ടായാലും ലോക്ക് ഡൗണിനെ പിന്തുണയ്ക്കുക എന്നതാണ് ഓരോ പൗരനും ഇപ്പോള്‍ ചെയ്യാനാവുന്ന കാര്യമെന്നും ചിദംബരം പറഞ്ഞു. കൊവിഡ് 19 ഉണ്ടാക്കാവുന്ന സാമ്പത്തിക, സാമൂഹിക പ്രത്യഘാതങ്ങളെ നേരിടണമെങ്കില്‍ രാജ്യത്തിന് അഞ്ചുലക്ഷം കോടിയെങ്കിലും ആവശ്യമായി വരുമെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച 15,000 കോടിയുടെ അര്‍ത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു.
'പ്രധാനമന്ത്രിയുടെ തീരുമാനം ഒരു വിടവ് ബാക്കിയാക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഒരു വിഭാഗം പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആരാണ് പണം നല്‍കുന്നത്? ദരിദ്രര്‍, ദൈനംദിന തൊഴിലാളികള്‍, കര്‍ഷകര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവരുടെ പോക്കറ്റുകളില്‍ പണം വെക്കേണ്ട ആവശ്യകത പ്രധാനമന്ത്രി മനസ്സിലാക്കുമെന്ന് ഉറപ്പുണ്ട്'- ചിദംബംരം ട്വീറ്റ് ചെയ്തു. ഏപ്രില്‍ ഒന്നുമുതല്‍ കര്‍ഷകര്‍ എങ്ങനെ വിളവെടുക്കും എന്ന് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam