പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതം, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ആക്രമണുണ്ടാകുന്നില്ലെന്ന് അമിത് ഷാ

By Web TeamFirst Published Jan 3, 2020, 9:10 AM IST
Highlights

കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തെയും അമിത് ഷാ വിമര്‍ശിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കേന്ദ്രം വളരെ ഗൗരവമായാണ് ഈ സംഭവത്തെ കാണുന്നത്. ഗവര്‍ണര്‍ക്കുനേരെ കൈയേറ്റത്തിന് ശ്രമിച്ചയാള്‍ക്കുനേരെ സംസ്ഥാനം നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.   

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രക്ഷോഭക്കാരുടെ ഉദ്ദേശ്യം വ്യക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ട് അക്രമമുണ്ടാകുന്നുവെന്നതിന് കോണ്‍ഗ്രസ് മറുപടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

സെലക്ടീവ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ആക്രമ സംഭവങ്ങള്‍ നടക്കുന്നത്. ഇതിന് പിന്നില്‍ ആരെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. പൊതുമുതല്‍ നശിപ്പിക്കുമ്പോഴും ബസുകള്‍ കത്തിക്കുമ്പോഴും പൊലീസിന് നോക്കി നില്‍ക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. സ്പോണ്‍സര്‍ ചെയ്ത സമരങ്ങള്‍ ജനമനസ്സില്‍ ഭയമുണ്ടാക്കുന്നു. ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല പൗരത്വ നിയമ ഭേദഗതി. പ്രതിപക്ഷത്തിന്‍റെ കെണിയില്‍ വീഴരുത്.

പാവപ്പെട്ടവര്‍ക്കും ന്യൂനപക്ഷത്തിനും സിഎഎ എങ്ങനെ ബുദ്ധുമുട്ടാകുമെന്ന് പ്രിയങ്കാ ഗാന്ധി വിശദീകരിക്കണം. രാഹുലും പ്രിയങ്കയും വിലകുറഞ്ഞ നുണപറയുകയാണ്. ക്ഷേമപദ്ധതികള്‍ പാവപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനാണ് എന്‍പിആര്‍ നടപ്പാക്കുന്നത്. മൂന്ന് രാജ്യങ്ങളിലെ ആറ് മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിലൂടെ ഗാന്ധി, നെഹ്റു, പട്ടേല്‍ എന്നിവര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

അയല്‍രാജ്യങ്ങളില്‍ നിന്നുവന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ അവിടുത്തെ ന്യൂനപക്ഷത്തെ സ്വന്തം ജനതയെപ്പോലെ പരിഗണിക്കും. കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തെയും അമിത് ഷാ വിമര്‍ശിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കേന്ദ്രം വളരെ ഗൗരവമായാണ് ഈ സംഭവത്തെ കാണുന്നത്. ഗവര്‍ണര്‍ക്കുനേരെ കൈയേറ്റത്തിന് ശ്രമിച്ചയാള്‍ക്കുനേരെ സംസ്ഥാനം നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.   

click me!