'പിന്നെ ഞാന്‍ എന്തിനാണ് 15 ദിവസം പാഴാക്കിയത്'; മുഖ്യമന്ത്രി തര്‍ക്കത്തില്‍ ബിജെപിക്കെതിരെ ഉദ്ദവ് താക്കറെ

By Web TeamFirst Published Nov 7, 2019, 8:13 PM IST
Highlights

'' മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകുവാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നമ്മള്‍ 15 ദിവസം നഷ്ടപ്പെടുത്തിയത് ''

മുംബൈ: മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. ബിജെപിയും ഇതേ ആവശ്യവുമായി തുടരുന്ന സാഹചര്യത്തിലാണ് ഉദ്ദവ് താക്കറെയുടെ ഓര്‍മ്മപ്പെടുത്തല്‍. ''പിന്നെ ഞാനെന്തിനാണ് 15 ദിവസം പാഴാക്കിയത്'' എന്നാണ് ഉദ്ദവ് താക്കറെയുടെ ചോദ്യം. 

കര്‍ണാടകയിലേതിന് സമാനമായി കുതിരക്കച്ചടം നടക്കാന്‍ മഹാരാഷ്ട്രയിലും സാധ്യതയുണ്ടെന്ന് സൂചനയെത്തുടര്‍ന്ന് ശിവസേന എംപിമാരെ ബാന്ദ്രയിലെ ഒരു ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്ദവ് താക്കറെയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാരിയെ കാണുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പാണ് സേനയിലെ ജനപ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ താക്കറെയുടെ സന്ദേശം അറിയിച്ചത്. 

'' മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകുവാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നമ്മള്‍ 15 ദിവസം നഷ്ടപ്പെടുത്തിയത് എന്ന് ഉദ്ദവ് താക്കറെ ചോദിച്ചു'' എന്ന് ശിവസേനയുടെ നിയുക്ത എംഎല്‍എ സഞ്ജയ് ഷിര്‍സാത് പറഞ്ഞു. 

ഉദ്ദവ് താക്കറെയുടെ അടുത്ത ഉത്തരവ് വരുന്നതുവരെ രംഗ് ശാര്‍ദ്ദയില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മറ്റൊരു ജനപ്രതിനിധി അബ്ദുള്‍ സത്താര്‍ വ്യക്തമാക്കി. അടുത്ത രണ്ട് ദിവസത്തേക്ക് ഹോട്ടലില്‍ തങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഗുലാബ് റാവു പട്ടീല്‍ എന്ന എംഎല്‍എ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും മഹാരാഷ്ട്രയില്‍ മന്ത്രിസഭ രൂപീകരിക്കാനായിട്ടില്ല. ആര്‍ക്കും കേവലഭൂരിപക്ഷം നേടാനാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സഖ്യകക്ഷികളായ ശിവസേനയ്ക്കും ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ സമവായത്തിലെത്താനായിട്ടുമില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ദേവേന്ദ്ര ഫട്നവിസും കൂട്ടരും. 

എന്നാല്‍ മഹാരാഷ്ട്രയില്‍ ഇനി ഒരു മുഖ്യമന്ത്രിയുണ്ടെങ്കില്‍ ശിവസേനയുടേതായിരിക്കുമെന്നും അത് ഉദ്ദവ് താക്കറെയുടെ മകനും യുവനേതാവുമായ ആദിത്യ താക്കറെയാകണമെന്നുമാണ് അവരുടെ ആവശ്യം. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

click me!