മരുന്ന് വാങ്ങാൻ പോയ മോനു തിരിച്ചെത്തിയില്ല, മൃതദേഹം കനാലിൽ; കൊന്നത് ഭാര്യയും കാമുകനും ചേർന്ന്!

Published : Jul 05, 2026, 06:57 PM IST
Haryana Monu Murder

Synopsis

ഹരിയാനയിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. 21കാരനായ മോനു കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ തന്നു പിടിയിലായത്. കാമുകൻ സോനുവും കൂട്ടാളികലും ചേർന്നാണ് കൊലപാതകം നടത്തിയത്. 

ഗുരുഗ്രാം: ഹരിയാനയിൽ കാണാതായ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ജർത്താൽ സ്വദേശിയായ മോനു (21) വിൻ്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ കസോലി സ്വദേശി തന്നു, മുണ്ടൻവാസ് സ്വദേശി ഹരിയോം എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ കാമുകൻ സോനു, ഇയാളുടെ കൂട്ടാളി അമൻ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ജൂൺ എട്ടിന് രാത്രി സ്കൂട്ടറിൽ മരുന്ന് വാങ്ങാൻ പോയ മോനു തിരിച്ചെത്തിയിരുന്നില്ല. പിറ്റേദിവസം മോനുവിൻ്റെ പിതാവ് രത്തൻ ലാൽ നൽകിയ പരാതിയെ തുടർന്ന് കസോല പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ തെരച്ചിൽ വിഫലമാക്കി ജൂൺ 10ന് കനാലിൽനിന്ന് മോനുവിൻ്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കനാലിൻ്റെ തീരത്തുനിന്ന് മോനുവിൻ്റെ സ്കൂട്ടറും കണ്ടെടുത്തു. ഫൊറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മോനുവിൻ്റെ മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്താനായിരുന്നില്ല. ഇതോടെ മോനുവിൻ്റേത് അപകടത്തെ തുടർന്നുള്ള മുങ്ങിമരണമാണെന്ന് വിലയിരുത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

എന്നാൽ മോനുവിൻ്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചതോടെ കേസിൽ കൊലക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം പുനരാരംഭിച്ചു. മോനുവിൻ്റെ വിവാഹം ദിവസങ്ങൾക്ക് മുമ്പാണ് നടന്നിരുന്നതെന്ന് മനസ്സിലാക്കിയ പൊലീസ്, ഭാര്യ തന്നുവിനെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെ നിർണായക വിവരം പൊലീസിന് ലഭിച്ചു. സോനു എന്ന യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്ന തന്നു, മോനുവുമായുള്ള വിവാഹത്തിൽ അസംതൃപ്തയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സോനുവിനും തന്നുവിനും ഒരുമിച്ചു ജീവിക്കാനായി മോനുവിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജൂൺ എട്ടിന് തന്നു വിളിച്ചതിനെ തുടർന്ന് കസോലിയിലേക്ക് എത്തിയ മോനുവിനെ, സോനുവിൻ്റെ നിർദേശത്തെ തുടർന്ന് അവിടെ കാത്തുനിന്ന ഹരിയോമും അമനും ചേർന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വായയും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചു. പിന്നീട് യുവാവിനെ കനാലിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം മോനുവിൻ്റേത് ശ്വാസംമുട്ടിയുള്ള മരണമാണോ മുങ്ങിമരണമാണോ എന്ന് വ്യക്തമായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കനാലിൽ തള്ളുന്ന സമയം യുവാവിന് ബോധം ഉണ്ടായിരുന്നോ എന്ന കാര്യത്തിലാണ് അവ്യക്തത തുടരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് തന്നുവിനെയും ഹരിയോമിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് മത്സരത്തിനിടെ കോണ്ടത്തിൻ്റെ പരസ്യം; നാണക്കേടെന്ന് എംപി, വിമർശനം
റോഡിൽ വച്ച് ബൈക്ക് യാത്രക്കാരനുമായി തർക്കം, അൽപം ക്ഷമിച്ചു, പിന്നാലെ കൊച്ചുബാലനെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്