
ദിബ്രുഗഡ് (അസം): അസമിലെ ദിബ്രുഗഡിൽ ഒരു പ്രാദേശിക വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും മകളും അറസ്റ്റിൽ. കുറ്റം നടന്ന് എട്ട് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് പൊലീസ് അമ്മയെയും മകളെയും മറ്റ് രണ്ട് പേരെയും പിടികൂടിയത്. ജൂലൈ 25-നാണ് 52 വയസുകാരനായ ഉത്തം ഗൊഗോയിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, ഇപ്പോൾ ഉത്തമിന്‍റെ കുടുംബം തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഉത്തമിന്‍റെ 16 വയസുള്ള മകൾ 21 വയസുകാരനായ ദിപ്ജ്യോതി ബുരഗോഹൈനുമായി പ്രണയത്തിലായിരുന്നു. ബുരഗോഹൈൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടത്താൻ അമ്മയും മകളും ചേർന്ന് ദിപ്ജ്യോതിക്കും0 പ്രായപൂർത്തിയാകാത്ത കൂട്ടാളിക്കും വലിയ തുകയും സ്വർണ്ണാഭരണങ്ങളും നൽകിയതായി ആരോപിക്കപ്പെടുന്നു. അറസ്റ്റിന് ശേഷം പോലീസ് ഈ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.
പൊലീസിനെ കബളിപ്പിക്കാൻ മോഷണശ്രമമായി വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. പക്ഷേ അവരുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഫോറൻസിക് തെളിവുകൾ അവരുടെ പങ്കാളിത്തം വ്യക്തമാക്കുകയും ചെയ്തുവെന്ന് ദിബ്രുഗഡ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് റെഡ്ഡി പറഞ്ഞു.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എസ്എസ്പി റെഡ്ഡി, കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കി.സാധാരണയായി ശാന്തമായ ലഹോൺ ഗാവോ പ്രദേശത്ത് ഈ കേസ് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഉത്തം ഗൊഗോയിയെ സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു. അറസ്റ്റിന് പിന്നാലെ ബാർബറുവയിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.