
ബംഗളൂരു: ബംഗളൂരുവിൽ അത്യാഡംബര കാറായ ലംബോർഗിനിക്ക് തീപിടിച്ചു. കുണ്ടനഹള്ളി സിഗ്നലിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. പ്രമുഖ കന്നഡ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടിച്ചപ്പോൾ ഇവർക്ക് പുറത്തിറങ്ങാൻ കഴിയാതെ അകപ്പെടുകയായിരുന്നു. തുടർന്ന് അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് കാറിനകത്ത് ഉണ്ടായിരുന്നവരെ രക്ഷിച്ചത്.
10 കോടിയോളം വില വരുന്ന ലംബോർഗിനി അവന്റഡോർ സ്പോർട്സ് കാറിനാണ് തീപിടിച്ചത്. എൻജിനിൽ നിന്നുമാണ് തീ ഉയർന്നത്. തീ കൂടുതൽ ഭാഗത്തേക്ക് പടരുന്നതിൽ നിന്ന് നിയന്ത്രണ വിധേയമാക്കി. വഴിയാത്രക്കാരെത്തി വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളോന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും താനും കുടുംബവും സുരക്ഷിതരാണെന്നും ഇൻഫ്ലുവൻസർ അറിയിച്ചു.