
ദില്ലി: അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് ഡിസയർ കാർ പിന്തുടർന്ന് പൊലീസ്. വെടിയുതിർത്ത് കാർ യാത്രക്കാർ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് കിട്ടിയത് കാവി മുണ്ടും ആയുധങ്ങളും. സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ കൊലപാതക കേസിൽ അഞ്ച് പേർ പിടിയിൽ. ഭാര്യയെ സ്വയം പ്രഖ്യാപിത ആൾദൈവം ഹിപ്നോടൈസ് ചെയ്ത് വശത്താക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരിചയക്കാരുമായി 40കാരനായ ആൾദൈവത്തെ കൊലപ്പെടുത്തിയത്. മന്ത്രവാദിയാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മന്ത്രവാദിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നരേഷ് പ്രജാപതി എന്നയാളുടെ കൊലപാതകത്തിലാണ് അറസ്റ്റ്. നോയിഡയിലാണ് സംഭവം നടന്നത്. റോസാ ജലാൽപൂർ സ്വദേശിയായ 40കാരനെയാണ് അഞ്ച് പേർ ചേർന്ന് കൊലപ്പെടുത്തിയത്. നീരജ്, സുനിൽ, സൗരഭ് കുമാർ, പ്രവീൺ ശർമ, പ്രവീൺ മാവി എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2നായിരുന്നു കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബുലന്ദ്ഷെഹറിലെ ഒരു കനാലിൽ തള്ളുകയായിരുന്നു. പ്രവീൺ ശർമ എന്നയാളാണ് മുഖ്യപ്രതി. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ഇയാളുടെ ഭാര്യ നരേഷ് പ്രജാപതിയുടെ അടുത്ത് ആത്മീയ കാര്യങ്ങൾ ഉപദേശങ്ങൾ തേടി പതിവായി എത്തിയിരുന്നു. അടുത്തിടെയാണ് യുവതി പ്രവീണിൽ നിന്ന് വിവാഹ മോചനം നേടിയത്. തന്റെ കുടുംബം തകരാൻ കാരണമായത് നരേഷ് പ്രജാപതി ആണെന്നായിരുന്നു യുവാവ് വിശ്വസിച്ചിരുന്നത്. ഭാര്യയെ നരേഷ് പ്രജാപതി ഹിപ്നോട്ടൈസ് ചെയ്ത് വശത്താക്കിയെന്നാണ് ഇയാൾ ആരോപിക്കുന്നത്. ഇതാണ് തന്റെ കുടുംബം തകരാൻ കാരണമായതെന്നും പ്രവീൺ കൂട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു.
വ്യാഴാഴ്ച ചിപിയാന ബസാറിന് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് സംഘം സഞ്ചരിച്ചിരുന്ന കാർ പൊലീസ് തടയുന്നത്. കാർ അമിത വേഗത്തിലായതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ വാഹനം നിർത്താതെ പോയ സംഘത്തെ പൊലീസ് പിന്തുടർന്നതോടെ ഇവർ പൊലീസിന് നേരെ വെടിയുതിർത്തു. ഇതിന് പിന്നാലെയാണ് പൊലീസ് സംഘത്തിലുള്ളവരെ പിടികൂടുന്നത്. ഇവരുടെ വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.
കാറിനുള്ളിൽ നിന്ന് നരേഷ് പ്രജാപതിയുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. മഹാരാജ് എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ എന്നയാളാണ് പ്രതികളിൽ രണ്ട് പേരെ പ്രവീണിന് പരിചയപ്പെടുത്തുന്നത്. നരേഷ് പ്രജാപതിയെ കൊലപ്പെടുത്താൻ സഹായിച്ചാൽ ഭൂമിയും ആഡംബര കാറുകളും നൽകാമെന്നായിരുന്നു പ്രവീണിന്റെ വാഗ്ദാനം. ഇതിന് പിന്നാലെ സംഘം ചേർന്ന് ചില പൂജാ കർമങ്ങൾ ചെയ്യാനെന്ന പേരിലാണ് നരേഷ് പ്രജാപതിയെ സമീപിക്കുന്നത്. ഓഗസ്റ്റ് 2ന് സ്വയം പ്രഖ്യാപിത ആൾ ദൈവത്തെ വാഹനത്തിൽ കൊണ്ട് വന്ന ശേഷം ആളില്ലാത്ത ഇടത്ത് വച്ച് കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam