തമിഴ്നാട്ടില്‍ സ്ഫോടകവസ്തു കടിച്ച് വായ തകര്‍ന്ന ആന ചരിഞ്ഞു

By Web TeamFirst Published Jun 22, 2020, 5:51 PM IST
Highlights

പഴങ്ങള്‍ക്കുള്ളില്‍ മരുന്ന വച്ച് ആനയ്ക്ക് നല്‍കി വരികയായിരുന്നു. ഞായറാഴ്ച നടക്കാന്‍ സാധിച്ച ആനയെ കാട്ടിലേക്ക് വിട്ടിരുന്നു.

കോയമ്പത്തൂര്‍: സ്ഫോടകവസ്തു കടിച്ച് വായക്ക് ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ആനക്കട്ടയിലാണ് സംഭവം. പത്തു വയസുള്ള ആനയാണ് ചികിത്സകളോട് പ്രതികരിക്കാതെ ചരിഞ്ഞത്.  കൃഷിയിടങ്ങളില്‍ മൃഗങ്ങള്‍ അതിക്രമിച്ച് കയറുന്നതിനെ ചെറുക്കാന്‍ ആരോ വച്ച സ്ഫോടകവസ്തു കടിച്ചാണ് ആനയുടെ വായ്ക്ക് പരിക്കേറ്റതെന്നാണ് അധികൃതര്‍ പറയുന്നത്.

ജംബുകണ്ടിയിലെ കൃഷിയിടത്തില്‍ പരിക്കറ്റ നിലയില്‍ ആനയെ കണ്ടെത്തിയെന്ന് ജൂണ്‍ 20നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ് സുരേഷും സംഘവും സ്ഥലത്തെത്തി. വെറ്ററിനെറി ഡോക്ടര്‍ സുകുമാര്‍ ആണ് ആനയെ ചികിത്സിച്ചത്. പഴങ്ങള്‍ക്കുള്ളില്‍ മരുന്ന വച്ച് ആനയ്ക്ക് നല്‍കി വരികയായിരുന്നു.

ഞായറാഴ്ച നടക്കാന്‍ സാധിച്ച ആനയെ കാട്ടിലേക്ക് വിട്ടിരുന്നു. എന്നാല്‍, അവസ്ഥ മോശമായ ആന നിലത്ത് കിടക്കുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴും ഗുരുതരമായ വായിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്ന് ഡോക്ടര്‍ കണ്ടെത്തി.

മുറിവില്‍ പഴുപ്പുണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞതെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ, കേരളത്തിലെ പാലക്കാടും സമാനമായ അവസ്ഥയില്‍ ആന ചരിഞ്ഞത് രാജ്യത്തെ ഏറെ വേദനിപ്പിച്ചിരുന്നു. 

click me!