Latest Videos

കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ക്കെതിരെ നടപടി വേണം; ഒരു വിഭാഗം കത്തയച്ചു

By Web TeamFirst Published Mar 5, 2021, 3:35 PM IST
Highlights

അച്ചടക്ക ലംഘനമെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്തതെന്തെന്ന ചോദ്യവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് ഉമേഷ് പണ്ഡിറ്റിന്‍റെ നേതൃത്വത്തിലുളള ഒരു വിഭാഗമാണ്‌ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരിക്കുന്നത്. 
 

ദില്ലി: നേതൃത്വത്തെ വെല്ലുവിളിച്ച തിരുത്തല്‍ വാദി നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. ഗുലാംനബി ആസാദിനേയും , ആനന്ദ് ശര്‍മ്മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്  ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്ത് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

പാര്‍ട്ടിയെ വെല്ലുവിളിച്ച് കശ്മീരില്‍ നടത്തിയ പ്രകടനം, മോദി സ്തുതി, ഐഎസ്എഫ് സഖ്യത്തെ ചൊല്ലി ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ നടത്തിയ നീക്കങ്ങള്‍ എന്നിവയില്‍ ഗുലാം നബി ആസാദിനും, ആനന്ദ് ശര്‍മ്മയ്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. അച്ചടക്ക ലംഘനമെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്തതെന്തെന്ന ചോദ്യവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് ഉമേഷ് പണ്ഡിറ്റിന്‍റെ നേതൃത്വത്തിലുളള ഒരു വിഭാഗമാണ്‌ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരിക്കുന്നത്. 

പാര്‍ട്ടി നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും, നടപടിയെടുത്തില്ലെങ്കില്‍ മോശം സന്ദേശമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന തിരുത്തല്‍ വാദികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കാലം പരിഗണിക്കാതെ നടപടി വേണമെന്നും ആവശ്യമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നടപടിയിലേക്ക് പോകേണ്ടെന്നും പിന്നാലെ ചേരുന്ന പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശം.

സംഘടന വിഷയങ്ങളില്‍ നിന്ന് നേതാക്കളെ അകറ്റിനിര്‍ത്താനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. അതേ സമയം തന്‍റെ പ്രസ്താവനയില്‍ വിശദീകരണവുമായി വീണ്ടും ആനന്ദ് ശര്‍മ്മ രംഗത്തെത്തി. ബിജെപിയുമായി രഹസ്യ ധാരണയെന്ന ആക്ഷേപം തള്ളിയ ആനന്ദ് ശര്‍മ്മ പാര്‍ട്ടിയോടുള്ള തന്‍റെ കൂറ് ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും വിശദീകരിച്ചു. 

click me!