
ഹൈദരാബാദ്: ഫെബ്രുവരി 14ന് വാലന്‍റൈന്‍ ദിനാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും പാർക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുമെന്നും ഭീഷണിയുമായി തെലങ്കാന ബജ്റംഗ്ദൾ. വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്ന ഒന്നും അനുവദിക്കില്ലെന്നാണ് ബജ്റംഗ്ദളിന്‍റെ മുന്നറിയിപ്പ്.
ഫെബ്രുവരി 14 പുൽവാമ ദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു ദിവസമായി വേണം കാണാന്‍. അല്ലാതെ ആ ദിവസം കമിതാക്കൾ തോന്ന്യാസം കാണിക്കരുതെന്ന് ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറയുന്നു. പ്രണയത്തിന്‍റെ പേരും പറഞ്ഞ് പാർക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയും. അവർ ഇന്ത്യൻ സംസ്കാരത്തിനു കളങ്കം വരുത്തുകയാണ്. അങ്ങനെ ചെയ്യുന്നതു വഴി മാതാപിതാക്കൾക്ക് നാണക്കേട് ഉണ്ടാക്കുന്നതിനൊപ്പം സ്വദേശി സംസ്കാരത്തെയും തകർക്കുകയാണ്. നമ്മുടെ സംസ്കാരത്തെപ്പറ്റി അവർ മനസ്സിലാക്കണം. ഞങ്ങൾ അത് അവർക്ക് വിശദീകരിച്ചു നൽകുമെന്നും ബജ്റംഗ്ദൾ പറയുന്നു.
കുത്തക കമ്പനികളാണ് വാലന്‍റൈന്‍സ് ഡേയെ പ്രോത്സാഹിപ്പിക്കുന്നത്. പ്രത്യേക ഓഫറുകൾ നൽകി കുത്തക കമ്പിനികള്‍ യുവതീയുവാക്കളെ വശത്താക്കി ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു. മാളുകളുടെ ഉടമസ്ഥരും ഇവന്‍റ് മാനേജർമാരും യുവതീ യുവാക്കള്‍ക്ക് പ്രത്യേക ഓഫറുകൾ നൽകുകയും ചെയ്യുകയാണെന്ന് ബജ്റംഗ്ദൾ ആരോപിക്കുന്നു. ഞങ്ങള്‍ പ്രണയത്തിന് എതിരല്ല, എന്നാല്‍ വാലന്‍റൈന്‍സ് ഡേയോട് എതിർപ്പാണെന്നും ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam