Latest Videos

മാപ്പു പറയാതെ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ, പ്രതിഷേധം തുടരാൻ പ്രതിപക്ഷം

By Web TeamFirst Published Jul 28, 2022, 7:05 AM IST
Highlights

ജിഎസ്ടി, വിലക്കയറ്റം വിഷയങ്ങളിൽ പ്രതിഷേധിച്ച ആറ് പ്രതിപക്ഷ പാർട്ടികളിലെ 20 അംഗങ്ങളെയാണ് സഭയിൽ നിന്നും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.

ദില്ലി : രാജ്യസഭയിൽ പ്രതിഷേധിച്ചതിന് നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ എന്ന നിലപാടിലുറച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു. പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിക്കില്ലെന്ന ഉറപ്പ് എംപിമാർ നൽകണമെന്ന ആവശ്യവും സഭാധ്യക്ഷൻ മുന്നോട്ട് വെക്കുന്നു. 20 എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് രാജ്യസഭാ അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്.

ജിഎസ്ടി, വിലക്കയറ്റം വിഷയങ്ങളിൽ പ്രതിഷേധിച്ച ആറ് പ്രതിപക്ഷ പാർട്ടികളിലെ 20 അംഗങ്ങളെയാണ് സഭയിൽ നിന്നും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. ജിഎസ്ടി സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതനുസരിച്ച് ജിഎസ്ടി വിഷയത്തിൽ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു. ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി നിർമ്മല സീതാരാമൻ വെങ്കയ്യ നായിഡുവിനെ അറിയിച്ചിട്ടുണ്ട്.

രാജ്യസഭയിലും സസ്പെൻഷൻ, മൂന്ന് മലയാളി എംപിമാരടക്കം 19 പേര്‍ക്കെതിരെ നടപടി

മലയാളികളായ  വി ശിവദാസൻ, പി. സന്തോഷ് കുമാർ, എഎ റഹീം എന്നിവരുൾപ്പടെ 19 പേരെയാണ് നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചതിന് കഴിഞ്ഞ ദിവസം കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. ഏഴ് തൃണമൂൽ കോൺഗ്രസ് എംപിമാര്‍, ആറ് ഡിഎംകെ എംപിമാ‍ര്‍, മൂന്ന് ടിആ‍ര്‍എസ് എംപിമാര്‍, രണ്ട് സിപിഎം എംപിമാ‍ര്‍, ഒരു സിപിഐ എംപി എന്നിവ‍ര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻറെ പ്രമേയം അംഗീകരിച്ചാണ് 19 എംപിമാരെ സസ്പെൻഡ് ചെയ്തത്. ജി എസ്ടി വിഷയത്തിൽ നടുത്തളത്തിൽ പ്രതിഷേധിക്കുന്ന എംപിമാർക്ക് ഉപാദ്ധ്യക്ഷൻ ആദ്യം മുന്നറിയിപ്പ് നല്കിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്. ഇന്നലെ ഒരു എംപിയെ കൂടി സസ്പെൻഡ് ചെയ്തു. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാജ്യസഭയിൽ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്നായിരുന്നു വിശദീകരണം. 

കഴിഞ്ഞ ദിവസം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ടിഎൻ പ്രതാപൻ, രമ്യഹരിദാസ് അടക്കമുളളവരെയാണ് വർഷകാലസമ്മേളനം കഴിയും വരെ പുറത്താക്കിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. 

മംഗ്ലൂരുവിലെ യുവമോർച്ച നേതാവിൻറെ കൊലപാതകം: പ്രതികൾ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം
 

click me!