
ദില്ലി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 25 വയസുകാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിഹാൽ വിഹാറിലാണ് സംഭവം. എംഡി സാഹിദ് എന്നയാളാണ് മരിച്ചത്. പ്രതി കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. അബോധാവസ്ഥയിൽ കിടന്ന സാഹിദിനെ സഹോദരൻ സഫർ ഹുസൈൻ ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടര വർഷമായി. ഇരുവരും ബറേലി സ്വദേശികളാണ്. ഭർത്താവുമൊത്തുള്ള ജീവിതത്തിൽ ലൈംഗികമായി തൃപ്തയല്ലെന്നും ഓൺലൈൻ ചൂതാട്ടം കാരണം സാഹിദിന് വലിയ കടബാധ്യതയുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതിയായ ഭാര്യ പൊലീസിനോട് പറഞ്ഞു. ബറേലിയിൽ താമസിക്കുന്ന കസിനുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.
അതേ സമയം, കൊലപാതകത്തിൽ എന്തെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ബറേലിയിലെ കസിന്റെ വീട്ടിലേക്ക് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്.
ജൂലൈ 20 ന് വൈകുന്നേരം 4.15 ന് സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ നിന്നാണ് യുവാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിന് വിളി വന്നത്. യുവാവിന്റെ വയറ്റിൽ ആഴത്തിൽ മുറിവുകൾ കണ്ടെത്തിയെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. എന്നാൽ ചൂതാട്ടത്തിൽ വന്ന കടബാധ്യതകൾ സഹിക്കാതെ ആത്മഹത്യ ചെയ്തതാണെന്ന ഭാര്യയുടെ വാദത്തിൽ ആശുപത്രി അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഏതോ ഗുളികകൾ എടുത്ത് കഴിച്ചുവെന്നും തുടർന്ന് ഛർദിയും അബോധാവസ്ഥയും വരുകയായിരുന്നുവെന്നുമാണ് യുവതിയുടെ ആദ്യ മൊഴിയെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ പറയുന്നു.
മരിച്ച അതേ ദിവസം തന്നെ ക്രൈം ടീം സംഭവസ്ഥലം പരിശോധിച്ചു. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് ഭാര്യ വീട് വൃത്തിയാക്കിയിരുന്നു. എന്നാൽ ഇവരുടെ ബ്രൗസിങ് ഹിസ്റ്ററിയിൽ ഒരാളെ എങ്ങനെ കൊല്ലാം എന്നതുമായി ബന്ധപ്പെട്ട സെച്ചുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.