കൊവിഡ് ബാധിച്ച ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ; മരിച്ചുപോയെന്ന് ആശുപത്രി

By Web TeamFirst Published May 21, 2020, 3:17 PM IST
Highlights

ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുടെ ബുധനാഴ്ച രാത്രി എത്തിയത്.

ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച രാത്രി എത്തിയത്. പക്ഷേ, മാധവിയുടെ പരാതിയില്‍ പറയുന്നയാള്‍ ഈ മാസം ഒന്നിന് മരണപ്പെട്ടുവെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ പരിധിയില്‍ സംസ്കരിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം.

തന്‍റെ ഭര്‍ത്താവായ മധുസൂദനനെ (42) കാണാനില്ലെന്ന് അല്ലമ്പള്ളി മാധവി എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ട്വീറ്റ് വന്നത്. പക്ഷേ, ആ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ അപ്രത്യക്ഷമായി. ഇതോടെയാണ് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. മധുസൂദനനെ ഏപ്രില്‍ 30നാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് ബാധിച്ച് ഗുരുതര നിലയിലായ അദ്ദേഹത്തെ രക്ഷിക്കാനായില്ല. മെയ് ഒന്നിന് വൈകുന്നേരം ആറോടെയായിരുന്നു മരണം. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മൃതദേഹം പൊലീസിന് കൈമാറുകയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചാല്‍ കുടുംബം മുന്നോട്ട് വന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ തന്നെയാണ് സംസ്കാരം നടത്താറുള്ളത്.

പരാതി ഉയര്‍ന്നിട്ടുള്ള മധുസൂദനന്‍റെ കാര്യത്തിലും സംസ്കാരം നടത്തിയെന്നാണ് അറിഞ്ഞതെന്നും ഗാന്ധി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മെയ് ഒന്നിന് മധുസുദനന്‍ മരിച്ചതായി പൊലീസിന്‍റെ രേഖയിലുമുണ്ട്. എന്നാല്‍, മധുസൂദനന് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

click me!