
ഹൈദരാബാദ്: ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൂന്ന് വയസുകാരിയായ മകൾ തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ചഞ്ചൽഗുഡയിലായിരുന്നു സംഭവം. യുവതിയുടെ ഭർത്താവും മറ്റൊരു മകളും ചികിത്സയിലാണ്.
സീമ ബീഗം (25) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൽ അക്ബർ, മക്കളായ മദിഹ (5), ഐറ (3) എന്നിവരാണ് ചികിത്സയിലുള്ളത്. ചഞ്ചൽഗുഡ - സയിദാബാദ് റോഡിൽ ഫ്ലൈ ഓഫറിന് താഴെ വെച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ഒരു കാർ, ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാല് പേരും ബൈക്കിൽ നിന്ന് തെറിച്ചുവീണു. ഫ്ലൈ ഓവറിന്റെ തൂണിലിടിച്ചാണ് ഇവർക്ക് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
ഓടിക്കൂടിയ നാട്ടുകാർ നാല് പേരെയും ഉസ്മാനിയ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സീമ ബീഗം ചികിത്സയിലിരിക്കെ മരണപ്പെട്ടു. മൂന്ന് വയസുകാരി ഐറ തലയ്ക്കേറ്റ പരിക്കുകളോടെ ഗുരുതരാവസ്ഥയിലാണ്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഭർത്താവും അഞ്ച് വയസുകാരിയായ മകളും ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തു.
അപകടമുണ്ടാക്കിയ കാർ മറ്റൊരു ബൈക്കിലും ഇടിച്ചു. എന്നാൽ ഈ ബൈക്കിലെ യാത്രക്കാരനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവാണ് കാറോടിച്ചിരുന്നത്. ഇയാൾക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. ചെറിയ രീതിയിൽ പരിക്കേറ്റ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ക്രെയിൻ ഉപയോഗിച്ചാണ് പൊലീസുകാർ വാഹനം റോഡിൽ നിന്ന് മാറ്റിയത്. മരണപ്പെട്ട സീമയുടെ സഹോദരൻ നൽകിയ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.