
ബെംഗളൂരു: ആരോഗ്യം ക്ഷയിച്ച് മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിക്കും മുൻപ് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കർണാടകയിലാണ് സംഭവം. വിദ്യ എന്ന വീട്ടമ്മ തിങ്കളാഴ്ചയാണ് നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്. ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയാണ് താനെന്നും മാസങ്ങൾക്ക് മുൻപ് ഭർത്താവ് തനിക്ക് മെർക്കുറി കുത്തിവച്ചിരുന്നതായുമാണ് വീട്ടമ്മയുടെ മരണമൊഴി. സ്ത്രീധനത്തേ ചൊല്ലി നിരന്തരമായ പീഡനവും ഗാർഹിക പീഡനവും യുവതി നേരിട്ടിരുന്നതായാണ് വിദ്യ പൊലീസിന് നൽകിയിരിക്കുന്ന മരണ മൊഴി. 9 മാസത്തിന് മുൻപാണ് ഭർത്താവ് തനിക്ക് മെർക്കുറി കുത്തി വച്ചതെന്നാണ് ആരോപണം. ഇതിന് പിന്നാലെ ആരോഗ്യം മോശമായെന്നാണ് യുവതി മരണമൊഴിയിൽ ആരോപിച്ചത്. വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് വിദ്യ എന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങിയത്.
ബി ബാസവരാജു എന്നയാൾക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. ദമ്പതികൾക്ക് നാല് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. അട്ടിബെലെ പൊലീസിലാണ് വിദ്യ മൊഴി നൽകിയത്. ഫെബ്രുവരി 26നാണ് യുവതി അബോധാവസ്ഥയിലായത്. ബോധം വീണ ശേഷം യുവതി വലത് കാലിൽ രൂക്ഷമായ വേദന അനുഭവപ്പെടുന്നതായി വിശദമാക്കിയിരുന്നു. ഇത് ഭർത്താവ് മെർക്കുറി കുത്തിവച്ചതാണെന്നാണ് വിദ്യ ആരോപിച്ചത്. മാർച്ച് ഏഴിനാണ് വിദ്യയെ അട്ടിബെലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് യുവതിയ ഓക്സ്ഫോർഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വിദ്യയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി. ഇതോടെയാണ് യുവതി മരണമൊഴി രേഖപ്പെടുത്തണമെന്ന് വിശദമാക്കിയത്.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ സ്ത്രീധന പീഡനവും, ഗാർഹിക പീഡനവും അടക്കമുള്ള എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി. നേരത്തെ വിദ്യ ഭർത്താവിനെതിരെ പരാതി നൽകിയിരുന്നോയെന്നതടക്കമുള്ള വിവരങ്ങളും പരിശോധിക്കുമെന്നും പൊലീസ് വിശദമാക്കി. നിലവിൽ കേസിൽ വിദ്യയുടെ ഭർത്താവിനെതിരെയാണ് സംശയമുള്ളതെന്നും പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം