
ചെന്നൈ: വനിതാ ഹോസ്റ്റലില്‍ ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. നാമക്കല്‍ സ്വദേശിനിയായ ശരണിത എന്ന 32കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച അയനാവരത്തെ വനിതാ ഹോസ്റ്റലിലായിരുന്നു സംഭവം.
'കോയമ്പത്തൂരില്‍ ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് ഉദയകുമാറിനൊപ്പമായിരുന്നു ശരണിത. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ക്യാമ്പസില്‍ ഒരു മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അയനാവരത്ത് എത്തിയത്. ഞായറാഴ്ച രാവിലെ ഉദയകുമാര്‍ നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും ശരണിതയെ ലഭിച്ചില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാരെ ബന്ധപ്പെട്ടു. ഇവര്‍ വന്ന് നോക്കിയപ്പോഴാണ് മുറിയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.' ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഹോസ്റ്റല്‍ മുറിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നുവെന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ ഉപദേശപ്രകാരം 108 ആംബുലന്‍സ് വിളിച്ചു. അവിടെയെത്തിയ 108 ആംബുലന്‍സിലെ ജീവനക്കാരാണ് യുവതിയെ പരിശോധിച്ച് വൈദ്യുതാഘാതമേറ്റതായി അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്ത് അന്വേഷണം തുടരുന്നതെന്ന് അയനാവരം പൊലീസ് അറിയിച്ചു. ലാപ്ടോപ്പ് കേബിളിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ കേബിളില്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചത് കൊണ്ടാണ് വൈദ്യുതാഘാതമേറ്റതെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam