
മധുര: 17 ലക്ഷം രൂപയടങ്ങിയ ചാക്കുകെട്ട് നടുറോഡിൽ കണ്ടെത്തി. മധുരയിലെ സിമ്മക്കലിൽ വച്ച് 46കാരിയായ സെൽവമാലിനിയാണ് ചാക്കുകെട്ട് കണ്ട് പൊലീസിനെ അറിയിച്ചത്. സെൽവമാലിനിയും മകളും ഹോട്ടലിൽ നിന്ന് മടങ്ങവെ തിങ്കളാഴ്ചയാണ് റോഡിൽ ചാക്കുകെട്ട് കണ്ടത്.
"ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡിന്‍റെ നടുവിൽ ചാക്ക് കിടക്കുന്നത് ഞങ്ങൾ കണ്ടു. ബൈക്ക് അതിന് മുകളിലൂടെ കയറിയപ്പോൾ, ചാക്കിന്‍റെ ഒരറ്റം കീറിപ്പോയി. അതിനുള്ളിൽ നിന്ന് നോട്ടുകെട്ടുകൾ പുറത്തുവന്നു. ഉടൻ തന്നെ സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ ഏൽപ്പിച്ചു"- വീട്ടുജോലിക്കാരിയായ സെൽവമാലിനി പറഞ്ഞു.
വിളക്കുത്തൂൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാക്കിൽ 17,40,000 രൂപയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആരും ഇതുവരെ പണം അന്വേഷിച്ച് വന്നിട്ടില്ല. ഹവാല പണമായിരിക്കാം ഇതെന്നാണ് പൊലീസിന്‍റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി പരിശോധിച്ച് കാർ ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
പണം ഉടമയ്ക്ക് തിരിച്ചുകിട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സെൽവമാലിനി പറഞ്ഞു. വലിയ സാമ്പത്തിക പ്രയാസത്തിലാണെങ്കിലും ആ പണം തന്‍റേതല്ലാത്തതു കൊണ്ടാണ് ഒരു രൂപ പോലും എടുക്കാതെ പൊലീസിന് കൈമാറിയതെന്നും സെൽവമാലിനി പറഞ്ഞു.