താമസം ഒറ്റയ്ക്ക്, വാതിലില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി; ഇത് മറന്ന് തുറക്കാന്‍ ശ്രമിച്ചു, വൃദ്ധക്ക് ദാരുണാന്ത്യം

Published : Aug 30, 2022, 07:55 AM IST
താമസം ഒറ്റയ്ക്ക്, വാതിലില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി; ഇത് മറന്ന് തുറക്കാന്‍ ശ്രമിച്ചു, വൃദ്ധക്ക് ദാരുണാന്ത്യം

Synopsis

ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് സുരക്ഷയ്ക്കായി പ്ലഗിൽ നിന്ന് വീടിന്‍റെ വാതിലിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയ ശേഷമായിരുന്നു അൻപഴകി പതിവായി ഉറങ്ങാൻ പോയിരുന്നത്.

തഞ്ചാവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ സ്വന്തം സുരക്ഷയ്ക്കായി വീട്ടുവാതിലിൽ നൽകിയ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. തമിഴ്നാട് മയിലാടുംതുറയിലാണ് സംഭവം. സീർകാഴി മുനിസിപ്പാലിറ്റിയിൽ നിന്ന് ശുചീകരണത്തൊഴിലാളിയായി വിരമിച്ച അൻപഴകിയാണ് മരിച്ചത്. ഇവര്‍ ഒറ്റക്കായിരുന്നു താമസം. 68 വയസായിരുന്നു. ഭർത്താവ് നേരത്തേ മരിച്ചു, കുട്ടികളില്ല.

ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് സുരക്ഷയ്ക്കായി പ്ലഗിൽ നിന്ന് വീടിന്‍റെ വാതിലിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയ ശേഷമായിരുന്നു അൻപഴകി പതിവായി ഉറങ്ങാൻ പോയിരുന്നത്. സ്വന്തമായാണ് ഇവര്‍ വയർ ഉപയോഗിച്ച് ഇരുമ്പ് വാതിലിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. കഴിഞ്ഞ ദിവസം പതിവുപോലെ ഇത്തരത്തിൽ ഉറങ്ങാൻ കിടന്ന അൻപഴകി പുലർച്ചെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ മറന്ന് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.

രാവിലെ ഏറെ നേരമായിട്ടും അൻപഴകി വീടിന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ച അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തീകരിച്ചു. മരണത്തിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം