
മുംബൈ : സോഷ്യൽ മീഡിയയിലൂടെ പലരും നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെങ്കിലും ഈ പ്ലാറ്റ്ഫോം കാരണം ഭാഗ്യം ലഭിക്കുന്ന ചിലരുമുണ്ട്. 20 വർഷം മുമ്പ് കാണാതായ അമ്മയെ മുംബൈ സ്വദേശിക്ക് കണ്ടെത്തി നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ. യാസ്മിൻ ഷെയ്ക്ക് എന്ന മുംബൈ സ്വദേശിയുടെ അമ്മ ഹമീദ ബാനുവിനെയാണ് 20 വർഷം മുമ്പ് കാണാതായത്. അമ്മ ദുബായിയിൽ പാചകക്കാരിയുടെ ജോലി ചെയ്യാൻ പോയതാണെന്ന് മാത്രമാണ് യാസ്മിന് അറിയുന്നത്.
പിന്നീട് ഒരിക്കലും അവർ തിരിച്ചുവന്നില്ല. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന വീഡിയോ ആണ് യാസ്മിനെ തന്റെ അമ്മയെ കണ്ടെത്താൻ സഹായിച്ചത്. നേരത്തേ ഖത്തറിൽ പോകുമായിരുന്നെങ്കിലും അവസാനമായി അമ്മ ദുബായിലേക്ക് പോയത് ഒരു ഏജന്റ് വഴിയാണ്. പിന്നീട് അവർ മടങ്ങി വന്നില്ല. അമ്മയെ കണ്ടെത്താൻ പല ശ്രമവും നടത്തി. പക്ഷേ തെളിവുകളൊന്നും ഇല്ലാത്തതിനാൽ പരാതി നൽകാൻ പോലുമായില്ലെന്നും യാസ്മിൻ പറഞ്ഞു.
ഏജന്റുമായി ബന്ധപ്പെട്ടപ്പോൾ അമ്മയ്ക്ക് ഞങ്ങളെ കാണുകയോ സംസാരിക്കുകയോ വേണ്ട എന്ന് അറിയിച്ചുവെന്നാണ് പറഞ്ഞത്. അമ്മ സുഖമായിരിക്കുന്നുവെന്നും ഏജന്റ് തങ്ങളോട് പറഞ്ഞുവെന്ന് യാസ്മിൻ പറയുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് അമ്മ ദുബായിലുണ്ടെന്ന് യാസ്മിൻ അറിയുന്നത്. അതുവരെ ഹമീദാ ബാനു, സൗദിയിലാണോ ഖത്തറിലാണോ മറ്റെവിടെയെങ്കിലുമാണോ എന്ന് അവർക്ക് അറിയില്ലായിരുന്നു.
തന്റെ ബന്ധുക്കളുടെയും ഭർത്താവിന്റെയുമെല്ലാം പേര് ബാനു വീഡിയോയിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അത് ബാനുവാണെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് അവരുടെ സഹോദരി ഷാഹിദ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ബാനുവിനെ കണ്ടത് അത്ഭുതമായാണ് ഇവർ കണക്കാക്കുന്നത്. ബാനുവിനെ നേരിൽ കാണാനും തിരിച്ചെത്തിക്കാനും സർക്കാരിന്റെ സഹായെ തേടാനിരിക്കുകയാണ് ഈ കുടുംബം.