
ദില്ലി: ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ യുവതി ടിടിഇയുമായി വഴക്കുണ്ടാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ രൂക്ഷമായ പെരുമാറ്റത്തിനെതിരെ ഓൺലൈനിൽ ശക്തമായ പ്രതിഷേധവും ഉയർന്നു. താൻ ഒരു ലോക്കോ പൈലറ്റിൻ്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട യുവതി, ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തിരുന്നത്. ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവതി പ്രകോപിതയായി അക്രമാസക്തമാവുകയായിരുന്നു.
തനിക്ക് യാതൊരു ഭയവുമില്ലെന്ന് പറഞ്ഞ യുവതി, റെയിൽവേ മന്ത്രിക്ക് അയച്ചുകൊടുക്കാനായി വീഡിയോ റെക്കോർഡ് ചെയ്യാൻ ടിടിഇയോട് ആവശ്യപ്പെട്ടു: 'നിങ്ങൾ വീഡിയോ എടുക്കൂ, റെയിൽവേ മന്ത്രിക്ക് അയച്ചു കൊടുക്കൂ... എനിക്ക് പേടിയൊന്നുമില്ല' എന്ന് അവർ പറയുന്നത് കേൾക്കാം.
കൂടാതെ, തന്റെ കുട്ടിക്കൊരു ബർത്ത് കിട്ടിയാൽ മാത്രമേ ഞാൻ ഇവിടെനിന്ന് പോവൂ, അല്ലെങ്കിൽ പോവില്ല, എന്നും യുവതി വാശിപിടിച്ചു. എന്നാൽ, കുട്ടിക്കുവേണ്ടിയുള്ള പരാതിയുടെ കൃത്യമായ കാരണം വീഡിയോയിൽ വ്യക്തമായിരുന്നില്ല. സംസാരത്തിനിടെ, ടിടിഇയെ കുപ്പി വച്ച് എറിയാൻ ശ്രമിച്ച യുവതി ഭീഷണി മുഴക്കുകയും ചെയ്തു. ഞആൻ നിങ്ങളുടെ തലയടിച്ച് പൊളിക്കും. നിങ്ങളൊരു സ്റ്റാഫ് ആയിട്ട്, ഒരു സ്റ്റാഫിൻ്റെ ഭാര്യയോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നായിരുന്നു അവർ ചോദിച്ചത്.
അമ്മയെ അനുനയിപ്പിക്കാൻ കുട്ടികൾ ശ്രമിച്ചെങ്കിലും യുവതി അവഗണിച്ചു. നിങ്ങൾ ഇവിടെനിന്ന് പോകൂ, എൻ്റെ ഭർത്താവിൻ്റെ നമ്പർ വാങ്ങിക്കൂ, എന്നും അവർ ടിടിഇയോട് ആക്രോശിച്ചു. ശാന്തമായി സംസാരിക്കാൻ ടി.ടി.ഇ. ആവശ്യപ്പെട്ടെങ്കിലും യുവതി ബഹളം തുടരുകയായിരുന്നു. മറ്റു യാത്രക്കാരും ഇടപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഇവർ ടിക്കറ്റ് എടുക്കാൻ മടിക്കുന്നത്? അതിലുപരി, ഈ മനോഭാവം നോക്കൂ. ഈ സ്ത്രീ സ്വന്തം വീഡിയോ പിന്നീട് കണ്ടാൽ ഒരുപക്ഷേ നാണം തോന്നുമെന്നായിരുന്നു പലരുടെയും പ്രതികരണങ്ങളിലൊന്ന്. അതേസമയം, വൈറലായ ഈ വീഡിയോയോട് ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.