
ദില്ലി : ഏഴ് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന 23 കാരിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. കഴിഞ്ഞ ആഴ്ച എയിംസിൽ വച്ചാണ് കുഞ്ഞ് ജനിച്ചത്. ഭർത്താവിനൊപ്പം ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു. 2022 മാർച്ച് 31 നാണ് അപകടമുണ്ടായത്. ബുലന്ദ്ഷഹർ സ്വദേശിയാണ് യുവതി.
അപകട സമയം യുവതി ഹെൽമെറ്റ് ധരിച്ചിരുന്നില്ല. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇത് കാരണമായി. കണ്ണുകൾ തുറക്കുന്നുണ്ടെങ്കിലും മറ്റൊരു പ്രതികരണവും യുവതിയിൽ നിന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. "സ്ത്രീ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ അവളുടെ ജീവിതം മറ്റൊന്നാകുമായിരുന്നു," ഡോക്ടർ ഗുപ്ത പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു യുവതിയുടെ ഭർത്താവ്. അപകടം സംഭവിക്കുമ്പോൾ യുവതി ഗർഭിണിയായിരുന്നുവെന്നതിനാൽ അവരെ നോക്കാൻ ഭർത്താവിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. അപകടം സംഭവിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി 40ദിവസം ഗർഭിണിയാണെന്ന് അറിയുന്നത്. അപകടത്തിൽ ഗർഭസ്ഥശിശുവിന് അപകടമൊന്നും സംഭവിച്ചിരുന്നില്ല.
ഗർഭം ഛിദ്രം നടത്തണോ വേണ്ടയോ എന്ന തീരുമാനം ആശുപത്രി അധികൃതർ കുടുംബത്തിന് വിട്ടു. ഗർഭഛിദ്രത്തിന് കോടതിയെ സമീപിക്കുന്നതിന് പകരം കുഞ്ഞിനെ സംരക്ഷിക്കാനാണ് ഭർത്താവ് തീരുമാനിച്ചതെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച എയിംസിലെ ഗൈനക്കോളജിസ്റ്റുകളുടെ നിരീക്ഷണത്തിലാണ് യുവതി പ്രസവിച്ചത. മുലപ്പാൽ നൽകാൻ സാധിക്കില്ല എന്നതിനാൽ കുപ്പിപ്പാലാണ് കുഞ്ഞിന് നൽകുന്നത്.
Read More : ഗൈനക്കോളജിസറ്റിന് 2000, അനസ്തെറ്റസ്റ്റിന് 3000, തലശേരി ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നു, പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam