
ഗാസിയാബാദ്: തെരുവുനായകൾക്ക് ഭക്ഷണം നൽകിയതിന് യുവതിക്ക് മർദനം. 40 സെക്കൻഡിനുള്ളിൽ എട്ട് തവണ മർദിച്ചെന്ന് യുവതി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഗാസിയാബാദിലാണ് സംഭവം. യഷിക ശുക്ല എന്ന യുവതിക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാത്രിയിൽ നായകൾക്ക് ഭക്ഷണം നൽകാൻ പോയപ്പോഴാണ് മർദനമേറ്റതെന്ന് യുവതി പറഞ്ഞു. നായകൾക്ക് ഭക്ഷണം നൽകാൻ അനുമതിയുള്ള സ്ഥലത്താണ് താൻ ചെന്നതെന്ന് യുവതി പറയുന്നു. ആ സമയത്ത് സമീപത്തെ പാർപ്പിട സമുച്ചയമായ ബ്രഹ്മപുത്ര എൻക്ലേവ് സൊസൈറ്റിയിലെ കമൽ ഖന്ന എന്നയാൾ വന്ന് തന്നെ മർദിച്ചെന്ന് യഷിക പറയുന്നു.
ഈ സംഭവം മുഴുവൻ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് യഷിക പറഞ്ഞു. "ചേച്ചി, വീഡിയോ റെക്കോർഡ് ചെയ്യൂ. അയാൾ എന്നെ അടിക്കുകയാണ്" എന്ന് പറഞ്ഞപ്പോൾ "അതെ, റെക്കോർഡ് ചെയ്യൂ" എന്ന് യുവാവ് പറയുന്ന ദൃശ്യം പുറത്തുവന്നു. എന്നാൽ യുവതിയാണ് ആദ്യം തന്നെ അടിച്ചത് എന്ന് കമൽ അവകാശപ്പെട്ടു.പൊലീസ് കേസെടുത്ത് കമൽ ഖന്നയെ കസ്റ്റഡിയിലെടുത്തു.
രാജ്യ തലസ്ഥാനത്ത് നിന്ന് പതിനായിരക്കണക്കിന് തെരുവ് നായകളെ പിടികൂടി മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്, പ്രായോഗികമായ ചില ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്ന് സുപ്രീം കോടതി വെള്ളിയാഴ്ച തിരുത്തി. എല്ലാ നായകളെയും എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിൽ താമസിപ്പിക്കണമെന്നും പിന്നീട് പുറത്തുവിടരുതെന്നുമുള്ള ആദ്യ ഉത്തരവാണ് പിന്നീട് മാറ്റിയത്. തെരുവ് നായകൾക്ക് പേവിഷബാധയുണ്ടെന്ന് സംശയമില്ലെങ്കിൽ, അവ അക്രമകാരികൾ അല്ലെങ്കിൽ വാക്സിനേഷനും വന്ധ്യംകരണവും നടത്തിയ ശേഷം പുറത്തുവിടണം എന്നാണ് കോടതി ഇന്നലെ പുതിയ ഉത്തരവിറക്കിയത്. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam