
സിധി: ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല. പൊലീസുകാരിയായ ഭാര്യയെ ബേസ് ബോൾ ബാറ്റിന് മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്. മധ്യ പ്രദേശിലെ സിധിയിലെ പൊലീസ് ക്വാട്ടേഴ്സിലാണ് സംഭവം. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ സവിത സാകേത് എന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും ഭക്ഷണത്തേച്ചൊല്ലി വഴക്കുണ്ടാക്കുന്നുവെന്ന് അയൽവാസിയോട് പറഞ്ഞ് സഹായം തേടിയാണ് സവിതയുടെ മകൾ വീട്ടിലേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയേയാണ് മകൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണത്തേ ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ കലഹമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ബേസ് ബോൾ ബാറ്റ് കണ്ടെത്തിയിട്ടുണ്ട്. സിധി ജില്ലയിലെ കമാർജി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. പൊലീസിന് വിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ ഉദ്യോഗസ്ഥർ ക്വാട്ടേഴ്സിൽ എത്തിയിരുന്നു.
രക്തത്തിൽ കുളിച്ച് കിടന്ന സവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവിതയുടെ കുട്ടികൾക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ നൽകിയതായി റെവാ റേഞ്ച് ഡിഐജി ഹേമന്ത് ചൗഹൻ വിശദമാക്കി. സവിതയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കുമെന്നും പൊലീസ് വിശദമാക്കി. അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വിശദമാക്കി.