'അങ്ങയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ഞങ്ങള്‍'; ഗാന്ധിയെ സ്മരിച്ച് മോദിയുടെ ലേഖനം

By Web TeamFirst Published Oct 2, 2019, 2:25 PM IST
Highlights

വെറുപ്പും അക്രമവും ആര്‍ത്തിയും അവസാനിപ്പിച്ച് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകത്തെ ക്ഷണിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. 

ദില്ലി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഒപ്പഡ് പേജില്‍ ഒരു ലേഖനം എഴുതി; 'ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട് ' എന്നതാണ് ലേഖനത്തിന്‍റെ തലവാചകം. 

മറ്റ് രാജ്യങ്ങലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഞാനൊരു ടൂറിസ്റ്റായിരിക്കും, എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഞാനൊരു തീര്‍ത്ഥാടകനാകും എന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. മഹാത്മാ ഗാന്ധിയില്‍ ആകൃഷ്ടനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയതെന്നും മോദി പറയുന്നു. ഗാന്ധിജി, ബാപ്പു  ആഗോളതലത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് ധൈര്യം പകരുന്നത്.  നിരവധി ആഫിക്കന്‍ രാജ്യങ്ങള്‍ക്കാണ് പ്രതിരോധത്തിന്‍റെ ഗാന്ധിയന്‍ മാര്‍ഗം  പ്രത്യാശ പകരുന്നത്. 

സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ക്കിടയിലെ പാലമാകാന്‍ ഗാന്ധിജിക്കുള്ള കഴിവിനെക്കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. ദേശീയവാദിയാകാതെ സാര്‍വദേശിയതാവാദിയാകാന്‍ കഴിയില്ലെന്നും ദേശീയതയെ അംഗീകരിക്കുമ്പോള്‍ മാത്രമേ സാര്‍വദേശിയതാവാദം സാധ്യമാകൂ എന്നും ഗാന്ധി യങ് ഇന്ത്യയില്‍ കുറിച്ചിരുന്നതും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. 

എങ്ങനെയാണ് എന്‍ഡിഎ സര്‍ക്കാര്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മോദി കുറിക്കുന്നു. ''ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. ദ്രുതഗതിയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങളുടെ ശുചിത്വ പദ്ധതികള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു. സുസ്ഥിരമായ ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പുനരുപയോഗിക്കാവുന്ന പ്രകൃതിവിഭവമായ സൗരോര്‍ജം ഉപയോഗിക്കപ്പെടുത്തുന്നു. ലോകത്തിനൊപ്പവും ലോകത്തിനുവേണ്ടിയും ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്'' മോദി ലേഖനത്തില്‍ പറഞ്ഞു. 

വെറുപ്പും അക്രമവും ആര്‍ത്തിയും അവസാനിപ്പിച്ച് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകത്തെ ക്ഷണിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. '' തന്നെ മറ്റൊരാളുടെ വേദന തന്‍റേതായി അനുഭവിക്കാന്‍ കഴിയുമ്പോഴും  ദുരിതം ഇല്ലാതാക്കുമ്പോഴും ഒരിക്കലും ധിക്കാരിയാകാതിരിക്കുമ്പോഴുമാണ് ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനാകുന്നത് എന്നാണ് ഗാന്ധിജിയുടെ ഇഷ്ട ഗീതമായ വൈഷ്ണവ ജന  തോ''യില്‍ പറയുന്നത്. ലോകം അങ്ങേക്ക് മുമ്പില്‍ പ്രണമിക്കുന്നു പ്രിയ ബാപ്പു'' - മോദി കുറിച്ചു. 

click me!