രാജ്യത്ത് കൊവിഡ് പടരാന്‍ കാരണം തബ്‍ലീഗ് ജമാഅത്ത് ആണെന്ന് യോഗി ആദിത്യനാഥ്

By Web TeamFirst Published May 2, 2020, 4:19 PM IST
Highlights

അപലപനീയമായ കാര്യമാണ് തബ്‍ലീഗ് ജമാഅത്ത് ചെയ്തത്. അവര്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാജ്യം ലോക്ക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: രാജ്യത്താകമാനം കൊവിഡ് 19 വൈറസ് പടരാന്‍ കാരണം തബ്‍ലീഗ് ജമാഅത്ത് ആണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസിന്‍റെ വാഹകരായി മാറിയത് തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. അപലപനീയമായ കാര്യമാണ് തബ്‍ലീഗ് ജമാഅത്ത് ചെയ്തത്. അവര്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാജ്യത്തിന് ലോക്ക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു.

കുറ്റകരമായ കാര്യമാണ് അവര്‍ ചെയ്തത്. അതിനുള്ള നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും. നിസാമുദ്ദീനില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് മതസമ്മേളനവുമായി ബന്ധപ്പെട്ട 3000 കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും യോഗി പറഞ്ഞു. അതേസമയം, ദില്ലിയില്‍ സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.  

മലയാളി ഉൾപ്പടെ 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആ‌ർപിഎഫ് ക്യാമ്പാണ് തീവ്രകൊവിഡ് ബാധിത മേഖലകളിൽ ഒന്നായി മാറുന്നത്. 350 ജവാന്മാരിൽ ഇതുവരെ രോഗികളായത് 122 പേരാണ്. 150 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്. നേരത്തെ ക്യാമ്പിലെ ഒരു ജവാൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 

ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ഡൗൺ വന്നതിനാൽ ദില്ലി ക്യാമ്പിൽ തങ്ങുകയായിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നതെന്നാണ് കരുതുന്നത്.
 

click me!