Yogi Adityanath : ബിജെപിയുടെ മിന്നും ജയം; യോഗി തകര്‍ത്തത് 'നോയിഡ നിര്‍ഭാഗ്യ'മുള്‍പ്പെടെ ഏഴ് റെക്കോര്‍ഡുകള്‍

Published : Mar 11, 2022, 12:08 PM ISTUpdated : Mar 11, 2022, 12:40 PM IST
Yogi Adityanath : ബിജെപിയുടെ മിന്നും ജയം; യോഗി തകര്‍ത്തത് 'നോയിഡ നിര്‍ഭാഗ്യ'മുള്‍പ്പെടെ ഏഴ് റെക്കോര്‍ഡുകള്‍

Synopsis

'നോയിഡ നിര്‍ഭാഗ്യം' മറികടന്ന ആദ്യ മുഖ്യമന്ത്രിയായി ആദിത്യനാഥ് മാറിയെന്നത് ഏറെ കൗതുകകരം. കേരള രാഷ്ട്രീയത്തിലെ 13ാം നമ്പര്‍ കാറിന് സമാനമാണ് ഉത്തര്‍പ്രദേശിലെ നോയിഡ നിര്‍ഭാഗ്യം. രാജ്യതലസ്ഥാനമായ ദില്ലിക്ക് സമീപമുള്ള ഇന്‍ഡസ്ട്രിയല്‍-റസിഡന്‍ഷ്യല്‍ സിറ്റിയാണ് നോയിഡ.  

ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും ജയത്തില്‍ യോഗി ആദിത്യനാഥ് സ്വന്തമാക്കിയത് ഒരുപിടി മിന്നും റെക്കോര്‍ഡുകള്‍. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഇതുവരെ ആര്‍ക്കും സ്വന്തമാക്കാനാകാത്ത ഏഴ് റെക്കോര്‍ഡുകളാണ് യോഗി സ്വന്തമാക്കിയത്. 

1. ഉത്തര്‍പ്രദേശില്‍ കാലാവധി പൂര്‍ത്തിയാക്കി രണ്ടാം തവണയും വിജയിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാറി. 70 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇതുവരെ 21 മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. യുപിയുടെ 70 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അഞ്ച് വര്‍ഷം മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കി തുടര്‍ച്ചയായി രണ്ടാം തവണയും വിജയിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. അതുകൊണ്ടുതന്നെ യുപിയിലെ വിജയം നിര്‍ണായകമാണ്. 


2. തുടര്‍ച്ചയായി രണ്ടാം തവണയും വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആദിത്യനാഥ് ഉള്‍പ്പെടെ അഞ്ച് മുഖ്യമന്ത്രിമാര്‍ മാത്രമാണ് യുപിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ചത്. 1957ല്‍ സമ്പൂര്‍ണാനന്ദ, 1962ല്‍ ചന്ദ്രഭാനു ഗുപ്ത, 1974ല്‍ ഹേമവതി നന്ദന്‍ ബഹുഗുണ, 1985ല്‍ നാരായണ്‍ ദത്ത് തിവാരി എന്നിവരായിരുന്നു മുമ്പ് വിജയിച്ചത്. 

3. 37 വര്‍ഷത്തിനിടെ അധികാരം നിലനിര്‍ത്തുന്ന ആദ്യ മുഖ്യമന്ത്രി. ഇതിന് മുമ്പ് കോണ്‍ഗ്രസിലെ എന്‍ ഡി തിവാരിയാണ് തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായത്. 1985ല്‍ അവിഭക്ത യുപിയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍ ഡി തിവാരി മുഖ്യമന്ത്രിയായി. തുടര്‍ച്ചയായി രണ്ടാം തവണയും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ തിവാരി സ്ഥാനം നിലനിര്‍ത്തി. അതിനുശേഷം തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ആ റെക്കോര്‍ഡാണ് ഗൊരഖ്പുരില്‍ നിന്നെത്തിയ യോഗി ആദിത്യനാഥ് തകര്‍ത്തത്. 

4. അധികാരം നിലനിര്‍ത്തിയ  ആദ്യ ബിജെപി മുഖ്യമന്ത്രിയും ആദിത്യനാഥാണ്. ഇതുവരെ നാല് ബിജെപി മുഖ്യമന്ത്രിമാരാണ് യുപിയിലുണ്ടാത്. കല്യാണ്‍ സിംഗ്, രാം പ്രകാശ് ഗുപ്ത, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരാണ് ആ സ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍, ഇവര്‍ക്കൊന്നും തുടര്‍ച്ചയായി രണ്ടാം തവണ പദവി നിലനിര്‍ത്താനായില്ല. 

5. 15 വര്‍ഷഷത്തിന് ശേഷം ആദ്യത്തെ എംഎല്‍എ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. 2007 ല്‍ ബിഎസ്പി നേതാവ് മായാവതി മുഖ്യമന്ത്രിയാകുമ്പോള്‍ എംഎല്‍സിയായിരുന്നു. 2012ല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോഴും എംഎല്‍സിയായിരുന്നു. ഗൊരഖ്പുര്‍ എംപിയായിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിപദം തേടിയെത്തുന്നത്. അധികാരമേറ്റ ശേഷം എംഎല്‍എയെ രാജിവെപ്പിക്കാതെ അദ്ദേഹവും യുപിയിലെ തുടര്‍ച്ചയായ മൂന്നാം എംഎല്‍സി മുഖ്യമന്ത്രിയായി. എന്നാല്‍ ഇക്കുറി ഗൊരഖ്പുര്‍ അര്‍ബനില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് യോഗി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. നിലവില്‍ ബിഹാറില്‍ നിതീഷ് കുമാറും മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയും എംഎല്‍സിമാരാണ്. 

6. ഉത്തര്‍പ്രദേശ് രാഷ്ട്രീയ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിമാരെ യുപിക്ക് ലഭിച്ചത്. 2007ല്‍ മായാവതി അധികാരത്തിലേറി അഞ്ച് വര്‍ഷം തികച്ചു. 2012ല്‍ എസ്പി നേതാവ് അഖിലേഷ് യാദവും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. പിന്നാലെ യോഗിയും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. അതിന് മുമ്പ് ആരും ഒറ്റ ടേമില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. 

7. നോയിഡ നിര്‍ഭാഗ്യം മറികടന്ന് യോഗിയും മോദിയും
 

നോയിഡ നിര്‍ഭാഗ്യം മറികടന്ന ആദ്യ മുഖ്യമന്ത്രിയായി ആദിത്യനാഥ് മാറിയെന്നത് ഏറെ കൗതുകകരം. കേരള രാഷ്ട്രീയത്തിലെ 13ാം നമ്പര്‍ കാറിന് സമാനമാണ് ഉത്തര്‍പ്രദേശിലെ നോയിഡ നിര്‍ഭാഗ്യം. രാജ്യതലസ്ഥാനമായ ദില്ലിക്ക് സമീപമുള്ള ഇന്‍ഡസ്ട്രിയല്‍-റസിഡന്‍ഷ്യല്‍ സിറ്റിയാണ് നോയിഡ. ഗൗതം ബുദ്ധ നഗര്‍ ജില്ലയിലാണ് നോയിഡ നഗരം. ദില്ലിക്ക് തൊട്ടടുത്ത്. 

യുപിയിലെ ഏത്് മുഖ്യമന്ത്രിയും തന്റെ ഭരണകാലത്ത് നോയിഡ സന്ദര്‍ശിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയോ അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കുകയോ ചെയ്യുമെന്നായിരുന്നു വിശ്വാസം. 1988ലാണ് നോയിഡ നിര്‍ഭാഗ്യത്തിന്റെ കഥ ആരംഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായ വീര്‍ ബഹാദൂര്‍ സിംഗ് ജൂണില്‍ നോയിഡ സന്ദര്‍ശിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാജിവെക്കേണ്ടി വന്നു. സിങ്ങിന്റെ പിന്‍ഗാമി എന്‍ഡി തിവാരിക്കും നോയിഡ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. തുടര്‍ന്ന് മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും നോയിഡ സന്ദര്‍ശനം മനപ്പൂര്‍വം ഒഴിവാക്കി. 2011ല്‍ മായാവതി അന്ധവിശ്വാസത്തെ അവഗണിച്ച് നോയിഡ സന്ദര്‍ശിച്ചു. എന്നാല്‍ 2012ല്‍ അവര്‍ തോറ്റുപുറത്തായി. 

അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവ്, കല്യാണ്‍ സിംഗ്, രാജ്നാഥ് സിംഗ് എന്നിവര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നോയിഡ സന്ദര്‍ശിച്ചിരുന്നില്ല. നോയിഡയില്‍ പോകാതെയാണ് ദില്ലി-നോഡിയ-ദില്ലി ഫ്‌ലൈവേ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്. 2013 മേയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുഖ്യാതിഥിയായി നോയിഡയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) ഉച്ചകോടിയില്‍ നിന്ന് അഖിലേഷ് വിട്ടുനിന്നു. യമുന എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തപ്പോളും അദ്ദേഹം നോയിഡയില്‍ പോയില്ല. 2014ല്‍ മന്‍മോഹന്‍ സിങ് അധികാരത്തില്‍ നിന്ന് പുറത്തായി. 

എന്നാല്‍ നോയിഡ നിര്‍ഭാഗ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആദിത്യനാഥും അവഗണിച്ചു. 2018 ഡിസംബര്‍ 25 ന് ദില്ലി മെട്രോയുടെ മജന്ത ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നോയിഡ സന്ദര്‍ശിച്ചു. യോഗിയും കൂടെയുണ്ടായിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും യുപി നിയമസഭാ തിരഞ്ഞെടുപ്പിലും മോദിയും ആദിത്യനാഥും തോല്‍ക്കുമെന്ന് അഖിലേഷ് യാദവ് പ്രവചിച്ചെങ്കിലും 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചു. ഇപ്പോള്‍ ആദിത്യനാഥും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ