Yogi Adityanath : ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

By Web TeamFirst Published Jan 14, 2022, 9:51 PM IST
Highlights

സ്വന്തം മണ്ഡലമായ ഗൊരഖ്പുരിലെ വോട്ടറുടെ വീട്ടിലെത്തിയാണ് ആദിത്യനാഥ് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്.
 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രിമാരുള്‍പ്പെടെ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതിനിടെ ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം മണ്ഡലമായ ഗൊരഖ്പുരിലെ വോട്ടറുടെ വീട്ടിലെത്തിയാണ് ആദിത്യനാഥ് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ''സാമൂഹിക സൗഹാര്‍ദത്തിന്റെ ലക്ഷ്യം ഇനിയും വളരുക എന്നതാണ്. ഇന്ന് ഗോരഖ്പൂരിലെ ജുംഗിയയിലുള്ള അമൃത് ലാല്‍ ഭാരതിജിയുടെ വീട്ടില്‍ ഖിച്ഡി സ്വീകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെ നന്ദി ഭാരതിജി!''- എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്.

ഉത്തര്‍പ്രദേശില്‍ ഇന്ന് രാജിവെച്ച രണ്ട് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി എന്നിവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്ത ചടങ്ങിലാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സ്ഥാനം രാജിവെച്ച് എസ്പിയില്‍ ചേര്‍ന്നത്. രാജിവെച്ച ബിജെപി എംഎല്‍എമാരായ റോഷന്‍ ലാല്‍ വെര്‍മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവരും എസ്പിയില്‍ ചേര്‍ന്നു. ബിജെപിയുടെ അന്ത്യത്തിനായി കാഹളം മുഴങ്ങി. ബിജെപി രാജ്യത്തെയും യുപിയിലെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കണ്ണില്‍ പൊടിയിട്ട് ചൂഷണം ചെയ്തു. ഇനി ഇത് അനുവദിക്കരുത്. ഉത്തര്‍പ്രദേശിനെ ബിജെപിയുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കണം. -ചടങ്ങില്‍ സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് എസ്പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!