
ലഖ്നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഗോരഖ്പൂര്‍ സിറ്റി മണ്ഡലത്തില്‍ നിന്നാണ് യോഗി ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം തന്‍റെ സ്വത്ത് വിവരങ്ങളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം യോഗിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 13,20,653 രൂപയാണ്.
ആകെ യോഗിയുടെ സ്വത്തുക്കളുടെ മൂല്യം 1.54 കോടിവരും. ഇതില്‍ ആറോളം ബാങ്ക് അക്കൌണ്ടിലെ ക്യാഷ് ബാലന്‍സ് വരും. സാംസങ്ങിന്‍റെ 12,000 രൂപ വിലയുള്ള ഫോണാണ് യോഗി ഉപയോഗിക്കുന്നത്. കാര്‍ഷിക ഭൂമിയോ മറ്റിതര ഭൂമിയോ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ ഇല്ല. ഒരു വാഹനവും ഇദ്ദേഹത്തിന്‍റെ പേരില്‍ ഇല്ല. അതേ സമയം കട ബാധ്യതകളും സ്വന്തം പേരില്‍ ഇല്ലെന്ന് യോഗി സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം ഈ കണക്കുകള്‍ പ്രകാരം യോഗി ആദിത്യനാഥ് 2019-20 കാണിച്ച വരുമാനത്തെക്കാള്‍ കുറവാണ് ഇപ്പോഴുള്ള വരുമാനം എന്നാണ് കണക്കുകള്‍ പറയുന്നത്. 2019-20 സാന്പത്തിക വര്‍ഷം യോഗിയുടെ വരുമാനം 16,68,799 രൂപയായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം ഇത് 18,27,639 ആയിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു ലക്ഷം രൂപ പണമായി കയ്യിലുണ്ടെന്നാണ് യോഗി സത്യവാങ്മൂലത്തില്‍ പറയുന്നത്.
തന്‍റെ കയ്യിലുള്ള മറ്റു വസ്തുക്കളുടെ വിവരങ്ങളും യോഗി നല്‍കുന്നുണ്ട് സത്യവാങ്മൂലത്തില്‍. ഇത് പ്രകാരം ഇദ്ദേഹത്തിന്‍റെ കാതില്‍ 20 ഗ്രാമിന്‍റെ ആഭരണം ഉണ്ട്. ഇത് വാങ്ങുന്ന സമയത്ത് 49,000 രൂപയാണ് ആയത്. ഇതിനൊപ്പം ഒരു സ്വര്‍ണ്ണംകെട്ടിയ രുദ്രാക്ഷമാലയുണ്ട് ഇതിന് വാങ്ങുന്ന സമയത്ത് 20,000 രൂപയോളം വിലയുണ്ടായിരുന്നു എന്നാണ് യോഗി സാക്ഷ്യപ്പെടുത്തുന്നത്. ഒരു ലക്ഷം ചിലവാക്കി വാങ്ങിയ ഒരു റിവോള്‍വറും, എണ്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ റൈഫിളും കയ്യിലുണ്ടെന്നും യോഗി സാക്ഷ്യപ്പെടുത്തുന്നു. എംപി എംഎല്‍എ സ്ഥാനങ്ങളില്‍ നിന്നുള്ള അലവന്‍സുകളാണ് തന്‍റെ വരുമാനമായി യോഗി കാണിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam