'നിങ്ങൾ നിങ്ങളുടെ ആഹാരം കഴിക്കൂ, ഞങ്ങൾ ഞങ്ങളുടേത് കഴിക്കാം', മന്ത്രിമാർക്കൊപ്പമുള്ള ഭക്ഷണം നിരസിച്ച് കർഷകർ

By Web TeamFirst Published Jan 5, 2021, 11:40 AM IST
Highlights

'നിങ്ങളുടെ ഭക്ഷണം നിങ്ങൾ കഴിക്കൂ, ഞങ്ങളുടേത് ഞങ്ങൾ കഴിക്കാം' - എന്നാണ് കർഷകർ മന്ത്രിമാരോട് പറഞ്ഞത്...

ദില്ലി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി നടന്ന യോ​ഗത്തിൽ മന്ത്രിമാർക്കൊപ്പം ആഹാരം കഴിക്കാൻ വിസമ്മതിച്ച് കർഷകർ. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിം​ഗ് തോമർ, പിയൂഷ് ​ഗോയൽ, സോം പ്രകാശ് എന്നിവരുമായി ചേർന്ന യോ​ഗത്തിലാണ് കർഷകർ ഒരുമിച്ച് ആഹാരം കഴിക്കുന്നത് നിരസിച്ചത്. നിങ്ങളുടെ ഭക്ഷണം നിങ്ങൾ കഴിക്കൂ, ഞങ്ങളുടേത് ഞങ്ങൾ കഴിക്കാം - എന്നാണ് കർഷകർ മന്ത്രിമാരോട് പറഞ്ഞത്. 

വി​ഗ്യാൻ ഭവനിൽ കർഷകർ മാറിയിരുന്ന് തങ്ങൾ കൊണ്ടുവന്ന ആഹാരം കഴിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. യോ​ഗം തീരുമാനമാകാതെ പിരിഞ്ഞുവെങ്കിലും അടുത്ത യോ​ഗം ജനുവരി 8ന് നടക്കും. 

അതേസമയം 41ാം ദിവസവും സമരം തുടരുന്ന കർഷകർക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ് ദില്ലിയിലെ കാലാവസ്ഥ. എന്നാൽ ദിവസങ്ങൾ കൂടുന്തോറും കൂടുതൽ കർഷകർ സമരത്തിൽ പങ്കുചേരുന്ന കാഴ്ച്ചയാണ് അതിർത്തികളിൽ കാണുന്നത്. മഴ പെ്യതതോടെ ചളി പുതഞ്ഞു കിടക്കുകയാണ് സിംഘുവിലെ സമര ഭൂമി. മാലിന്യവും ചളിയും കാരണമുണ്ടാകുന്ന ഈച്ച ശല്യവും രൂക്ഷം. പക്ഷെ ഇതൊന്നും വകവെയ്ക്കാതെ കുടംബസമേതമാണ് ഇപ്പോൾ സമര വേദിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തുന്നത്. സമരപ്പന്തലുകളിലെല്ലാം കുട്ടികളെ കാണാം. കൊടി പിടിച്ചും മുദ്യാവാക്യം വിളിച്ചും അവർ മുതിർന്നവർക്കൊപ്പം കൂടുന്നു.

തുടക്കത്തിൽ സ്ത്രീകൾ കുറവായിരുന്ന സമരവേദി ഇപ്പോൾ സ്ത്രീകൾ കീഴടക്കിയ നിലയിലേക്ക് മാറി. മുതിർന്ന സ്ത്രീകളാണ് സമരത്തിന് മുന്നിൽ ഉള്ളവരിൽ അധികവും. തണുപ്പ് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു പുറമെ, ഇപ്പോൾ മഴ നനഞ്ഞു കൊണ്ടാണ് സമരം തുടരുന്നത്. എന്നാൽ മഴയും കാറ്റും കനത്താലും നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.

click me!