
റായ്‌പുർ: ബീഡി പങ്കിടാൻ വിസമ്മതിച്ചതിന് ഛത്തീസ്‌ഗഡിൽ യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു. റായ്‌പൂരിലെ അഭാൻപൂറിലാണ് സംഭവം. അഭാൻപൂർ സ്വദേശി അഫ്‌സർ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഫ്‌സറിൻ്റെ സുഹൃത്തുക്കളായിരുന്ന അഫ്സർ അലി അമാനുല്ല, സൈഫുള്ള, ഡാനിഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അഫ്‌സർ കൊല്ലപ്പെട്ടത്. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ അഫ്‌സർ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. രാവിലെ മർദനമേറ്റ പരിക്കുകളോട് റോഡരികിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നാല് പേരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഈ സമയത്ത് അഫ്‌സർ വലിച്ചുകൊണ്ടിരുന്ന ബീഡി പങ്കുവെക്കാതിരുന്നതിൻ്റെ പേരിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. ഇതേ തുടർന്ന് വടി ഉപയോഗിച്ചടക്കം സുഹൃത്തുക്കൾ അഫ്‌സറിനെ മർദിച്ചു. പിന്നീട് ഗുരുതരമായി പരിക്കേറ്റ അഫ്‌സറിനെ ആളൊഴിഞ്ഞ ഭാഗത്ത് റോഡരികിൽ ഉപേക്ഷിച്ചു. രാവിലെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ശരീരത്തിലും ആന്തരികാവയവങ്ങളിലും പരിക്കേറ്റതായി കണ്ടെത്തി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam