
മംഗളൂരു: മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന യുവതി അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. 28ന് രാത്രി എട്ടുമണിയോടെ കൈക്കമ്പയ്ക്ക് സമീപം പച്ചിന്‍നട്ക ബി.സി റോഡിലാണ് സംഭവം. പ്രദേശവാസിയായ ചൈത്ര എന്ന 22കാരിയാണ് മരിച്ചത്. അന്തരിച്ച പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഭാസ്‌കര്‍ ആചാര്യയുടെ മകളാണ് ചൈത്ര. മാര്‍ച്ച് മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ മരണം.
മംഗളൂരുവിലെ ഒരു സ്വകാര്യ തുണിക്കടയിലെ ജീവനക്കാരിയാണ് ചൈത്ര. സുഹൃത്തിന്റെ വിവാഹ സംബന്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാവിനൊപ്പം പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാര്‍ ചൈത്രയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതര പരുക്കേറ്റ ചൈത്രയെ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് എഎസ്ഐ സുരേഷും ഹെഡ് കോണ്‍സ്റ്റബിള്‍ രമേശും ചേര്‍ന്നാണ് ചൈത്രയെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ചൈത്രയെ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ വീടിന്റെ മതിലിലും വൈദ്യുത തൂണിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും സ്ഥലത്ത് നിന്ന് മല്ലൂര്‍ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മെല്‍ക്കര്‍ ട്രാഫിക് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഉടമയ്ക്ക് വേണ്ടിയും കാറിലുണ്ടായിരുന്നവര്‍ക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്. കാറിലുണ്ടായിരുന്നവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന പ്രദേശവാസികളുടെ പരാതിയിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
റോമില്‍ കാമുകിയോട് ക്ലാസ്സ് വിവാഹാഭ്യർത്ഥന, മറുപടി കേട്ട് ചങ്കു തകർന്ന് യുവാവ്, വീഡിയോ വൈറൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam