
ഹാപ്പൂർ:ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ജ്വല്ലറിയിൽ എത്തിയ യുവതി കുടിവെള്ളമെന്ന് കരുതി കുപ്പിവെള്ളത്തിൽ നിന്നും ആസിഡ് കുടിച്ചു. ആസിഡ് വായിലേക്ക് ഒഴിച്ചതിനെത്തുടർന്ന് നില ഗുരുതരമായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള അർജുൻ നഗർ പ്രദേശത്താണ് നാടിനെ നടുക്കിയ ഈ സംഭവം . വെള്ളിയാഴ്ച വൈകിട്ട് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ എത്തിയതായിരുന്നു യുവതി. ഷോപ്പിംഗിനിടയിൽ കടുത്ത ദാഹം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരൻ തൊട്ടടുത്തുള്ള ഒരു പലഹാരക്കടയിൽ പോയി സീൽ ചെയ്ത ഒരു കുപ്പിവെള്ളം വാങ്ങി നൽകി.
ഫ്രിഡ്ജിൽ ഇരുന്ന കുപ്പിവെള്ളം അതേപടി ജീവനക്കാരന് നൽകിയെന്നാണ് കടയുടമ അവകാശപ്പെടുന്നത്. കടയിൽ നിന്നും കൊണ്ടുവന്ന കുപ്പി ജ്വല്ലറി ജീവനക്കാരൻ യുവതിക്ക് കൈമാറി. അകത്ത് എന്താണെന്ന് അറിയാതെ കുപ്പി തുറന്ന് ഒരു സിപ്പ് കുടിച്ച ഉടൻ തന്നെ യുവതി വേദനകൊണ്ട് അലറിക്കരയുകയും, ഓടി പുറത്തേക്ക് പോയി ഇത് തുപ്പിക്കളയുകയുമായിരുന്നു. കുപ്പിയിൽ വെള്ളത്തിന് പകരം ആസിഡ് ആയിരുന്നുവെന്നാണ് വിവരം. യുവതി കുപ്പിയിൽ നിന്നും ദ്രാവകം കുടിക്കുന്നതും ഉടൻ തന്നെ തുപ്പിക്കളയുന്നതുമായ ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരു മെഡിക്കൽ കോളേജിലേക്കും മാറ്റി. നിലവിൽ യുവതി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ പലഹാരക്കടയുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുപ്പി പൂർണ്ണമായും സീൽ ചെയ്ത നിലയിലായിരുന്നുവെന്നും ഫ്രിഡ്ജിൽ നിന്ന് എടുത്തത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഉപഭോക്താവിന് നൽകിയതെന്നും ജ്വല്ലറി ഉടമയായ ദേനു വ്യക്തമാക്കി. അതേസമയം, പലഹാരക്കടയിൽ നിന്നും കൂടുതൽ ആസിഡ് കുപ്പികൾ പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam