പ്രതിഷേധത്തിനൊടുവില്‍ ദളിത് ബാലന്മാരേക്കൊണ്ട് മലം കോരിച്ച യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Dec 12, 2020, 7:55 PM IST
Highlights

മലം കോരി മാറ്റുന്നതിനായി ചാക്ക് നല്‍കിയ യുവാക്കള്‍ കുട്ടികള്‍ വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തുകയും ചെയ്തു

പെരമ്പള്ളൂര്‍ : ദളിത് ബാലന്‍മാരെക്കൊണ്ട് മലം ചുമപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ പെരമ്പള്ളൂറിന് സമീപം സിരുകുടല്‍ എന്ന സ്ഥലത്താണ് സംഭവം. വെള്ളിയാഴ്ചയാണ് 10നും 15നും ഇട്ക്ക് പ്രായമുള്ള ദളിത് ബാലന്‍മാരെ ഗ്രൌണ്ടിന് സമീപമുള്ള ഒഴിഞ്ഞയിടത്ത് മലവിസര്‍ജ്ജനം നടത്തുന്നത് യുവാക്കള്‍ കണ്ടത്. ദളിത് ബാലന്‍മാരോട് ക്ഷോഭിച്ച യുവാക്കള്‍ മലം അവിടെ നിന്ന് കോരി മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  

ഇതിനായി ചാക്കും യുവാക്കള്‍ നല്‍കി. കുട്ടികള്‍ വിസമ്മതിച്ചതോടെ യുവാക്കള്‍ ഭീഷണിപ്പെടുത്തി മലം കോരിമാറ്റിക്കുകയായിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള മൂന്ന് യുവാക്കളായിരുന്നു സംഭവത്തിന് പിന്നില്‍. ഇരുപതുകാരനായ അഭിനേഷ്, ഇരുപത്തിനാലുകാരനായ സെല്‍വകുമാര്‍. ഇരുപത്തിരണ്ടുകാരനായ സിലമ്പരസന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ് സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുട്ടികള്‍ സംഭവം വീടുകളില്‍ അറിയിച്ചതിന് പിന്നാലെ യുവാക്കളുടെ വീട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. വിടുതലൈ സിരുത്തലെഗല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ബന്ധുക്കള്‍ ഗ്രാമത്തിലെ റോഡ് തടഞ്ഞിരുന്നു. ഇത് ഈ മേഖലയില്‍ ചെറിയ സംഘര്‍ഷത്തിനും കാരണമായിരുന്നു. കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുമെന്ന പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഇവര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിഞ്ഞത്. നിലവില്‍ ആ പ്രദേശത്തെ സാഹചര്യം പൊലീസ് നിയന്ത്രണത്തിലാണെന്നാണ് പെരമ്പള്ളൂര്‍ പൊലീസ് സൂപ്രണ്ട് നിഷ പാരിബന്‍ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വിശദമാക്കുന്നു. 

click me!