
ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ചെടുത്ത് യുവാക്കൾ. സൗത്ത് ബെംഗളൂരു ജില്ലയിലെ ഗുഡിമരൺഹള്ളിയിലാണ് സംഭവം. ഒൻപത് പവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്. അംബിക എന്ന സ്ത്രീക്കാണ് സ്വർണ മാല നഷ്ടപ്പെട്ടത്.
ഞെട്ടിക്കുന്ന കവർച്ചയാണ് ഗുഡിമരൺഹള്ളിയിൽ നടന്നത്. ഇവിടുത്തെ ഒരു ബേക്കറിയിൽ ജ്യൂസ് കുടിക്കാനെത്തിയ രണ്ട് യുവാക്കൾ അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ഇരുവരും ജ്യൂസ് കുടിക്കുന്നതിനിടെ കടയിലേക്ക് എത്തിയ അംബിക എന്ന സ്ത്രീക്കാണ് സ്വർണ മാല നഷ്ടപ്പെട്ടത്. 9 പവനിലേറെ തൂക്കം വരുന്ന മാലയാണ് ഇവർ അണിഞ്ഞിരുന്നത്. ബേക്കറിയിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുമായി സംസാരിച്ച് നിൽക്കുകയായിരുന്നു ഇവർ. തിരിഞ്ഞുനിന്ന് സംസാരിക്കുന്ന ഇവരെ യുവാക്കൾ ശ്രദ്ധിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ജ്യൂസ് കുടിച്ച ഒരാൾ ബൈക്ക് നിർത്തിയ ഭാഗത്തേക്ക് പോയി. പിന്നാലെ മറ്റേയാൾ പരിസരം ഒന്ന് നിരീക്ഷിച്ച ശേഷം അംബികയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തിൽ പിന്നിലേക്ക് വീണെങ്കിലും അംബിക മോഷ്ടാക്കൾക്ക് പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബേക്കറിക്ക് സമീപമുണ്ടായിരുന്ന മറ്റാളുകൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ തന്നെ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന ബൈക്കിൽ കയറി യുവാക്കൾ രക്ഷപ്പെട്ടു. ബേക്കറിയിലെ സിസിടിവി ക്യാമറയിൽ യുവാക്കളുടെ മുഖം പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീഴ്ചയിൽ പരിക്കേറ്റ അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam