
ദില്ലി: ഒരു സാധാരണ ഓർഡർ ഡെലിവറിക്ക് പോയ സൊമാറ്റോ ഡെലിവറി ഏജന്റിന് ലഭിച്ചത് അപ്രതീക്ഷിതമായി ഒരു പിറന്നാൾ സമ്മാനം. ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ വീട്ടിലെ ആളുകളാണ് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്. അവര്‍ തനിക്കായി ഒരുക്കിയ ആഘോഷത്തിലേക്കായിരുന്നു ഭക്ഷണവുമായി ഡെലിവറി ഏജന്റ് ചെന്നെത്തിയത്.
ഭക്ഷണവുമായി എത്തിയ ഡെലിവറി ഏജന്റിനെ കണ്ണുപൊത്തി വീടിനകത്തേക്ക് വരവേറ്റു. മുന്നിൽ പുഞ്ചിരിക്കുന്ന ഒരു കൂട്ടം അപരിചിതര്‍!. പിറന്നാൾ ആഘോഷിക്കാൻ തയ്യാറായി നിന്ന അപരിചിതരായ അവരുടെ ആവേശവും സ്നേഹ പ്രകടനങ്ങളും എല്ലാം ആരെയും ആകർഷിക്കുന്നതായിരുന്നു. അവര്‍ പാട്ടുപാടുകയും പിറന്നാൾ ആഘോഷിക്കുകയും ചെയ്യുമ്പോൾ ഡെലിവറി ഏജന്റ് വികാരാധീനനാകുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.സൊമാറ്റോ ഡെലിവറി ഏജന്റിന് ഞങ്ങൾ സന്തോഷത്തിന്റെ വലിയ നിമിഷം നൽകി, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ ചുറ്റുമുള്ളവരെല്ലാം കയ്യടിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമ്പോൾ ഡെലിവറി ഏജന്റ് കരച്ചിലടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മെഴുകുതിരികൾ ഊതി അണച്ചു, കേക്ക് മുറിച്ചും ഏതാനും നിമിഷങ്ങൾ, ഡെലിവറിക്ക് എത്തിയ അദ്ദേഹത്തിന് അതൊരു സ്വന്തം വീട്ടിലെ ആഘോഷമായി മാറി.
ഈ ഹൃദയസ്പർശിയായ വീഡിയോ ഓൺലൈനിൽ വലിയ ശ്രദ്ധ നേടി. സൊമാറ്റോയുടെ ഇൻസ്റ്റാഗ്രാം പേജും വീഡിയോക്ക് കമന്റുമായി എത്തി. ‘സഹോദരാ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ." എന്ന് അവര്‍ കുറിച്ചു. ’ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ലോകം, അതിനായി നാമെല്ലാം മാറണം', ‘അദ്ദേഹം ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, പക്ഷേ ആ നിമിഷം അദ്ദേഹത്തിന് ഏറെ വിലപ്പെട്ടതാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു’ തുടങ്ങി നിരവധി കമകന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഈ ചെറിയ പ്രവൃത്തി ഡെലിവറി ജീവനക്കാരന്റെ പിറന്നാൾ മാത്രമല്ല, ഓൺലൈനിൽ കണ്ട ആയിരക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലും പ്രകാശം നിറച്ചുവെന്നും വീഡിയോ കണ്ടവര്‍ പറയുന്നു.