
ഇസ്ലാമാബാദ്: അഫ്‌ഗാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ സങ്കീർണമാകാൻ കാരണമായി.
വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാപിനോട് ചേർന്നാണ് ഇന്ന് ആക്രമണമുണ്ടായത്. ഇതിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാംപിലേക്ക് ഭീകരൻ ഓടിച്ചുകയറ്റിയെന്നാണ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നത്. ക്യാംപിലേക്ക് കടന്നുകയറി ആക്രമിക്കാൻ ശ്രമിച്ച 2 ഭീകരരെ വധിച്ചെന്ന് പാകിസ്ഥാൻ പറയുന്നു.
ബജൗറിലെ മാമുണ്ട് തൻഗി ഷാ പ്രദേശത്തും സ്ഫോടനം നടന്നതായി വിവരമുണ്ട്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ നിന്ന് ശക്തമായ സ്ഫോടനം ഉണ്ടായെന്നാണ് റിപ്പോർട്ട്. ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ പ്രവർത്തനങ്ങളുമായുള്ള സാധ്യത അന്വേഷിക്കുന്നതിനായി സുരക്ഷാ സേന സ്ഥലം വളഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam