വാഹന നിർമാതാക്കളായ ഫോർഡിന്റെ ഫാക്ടറികളിൽ ചിപ്സും കുക്കീസും മോഷ്ടിച്ചെന്ന് ആരോപണം; ജീവനക്കാരെ പുറത്താക്കി; സംഭവം സാങ്കേതികതകരാർ, അന്വേഷണം

Published : Jul 22, 2026, 09:20 PM IST
ford factories kiosk theft

Synopsis

ഫോർഡ് ഫാക്ടറികളിലെ സെൽഫ് സർവീസ് കിയോസ്ക്കുകളിൽനിന്ന് ചിപ്സും കുക്കീസും മോഷ്ടിച്ചെന്ന് ആരോപിച്ച് ജീവനക്കാരെ പുറത്താക്കിയ നടപടി വൻ വിവാദത്തിലായതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കമ്പനി. ഫോർഡും കിയോസ്ക്കുകൾ സ്ഥാപിച്ച ഭക്ഷണവിതരണ കമ്പനിയായ അരാമാർക്കുമാണ് ഫോർഡ് ഫാക്ടറികളിലെ കിയോസ്ക്കുകളിൽ വീണ്ടും പരിശോധന നടത്തുന്നത്.

ന്യൂയോർക്ക്: ഫോർഡ് ഫാക്ടറികളിലെ സെൽഫ് സർവീസ് കിയോസ്ക്കുകളിൽനിന്ന് ചിപ്സും കുക്കീസും മോഷ്ടിച്ചെന്ന് ആരോപിച്ച് ജീവനക്കാരെ പുറത്താക്കിയ നടപടി വൻ വിവാദത്തിലായതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കമ്പനി. ഫോർഡും കിയോസ്ക്കുകൾ സ്ഥാപിച്ച ഭക്ഷണവിതരണ കമ്പനിയായ അരാമാർക്കുമാണ് ഫോർഡ് ഫാക്ടറികളിലെ കിയോസ്ക്കുകളിൽ വീണ്ടും പരിശോധന നടത്തുന്നത്. അതിനിടെ, ചില ഫാക്ടറികളിൽ പുറത്താക്കിയ ജീവനക്കാരെ ഫോർഡ് തിരിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ ഫോർഡിന്റെ അമേരിക്കയിലെ വിവിധ ഫാക്ടറികളിലാണ് കിയോസ്ക്കിൽനിന്ന് പണം നൽകാതെ കുക്കീസും ചിപ്സും മോഷ്ടിച്ചെന്ന് ആരോപിച്ച് ജീവനക്കാരെ പുറത്താക്കിയത്. എന്നാൽ, കിയോസ്ക്കിന്റെ സാങ്കേതിക തകരാർ കാരണമാണ് പണമടച്ചത് കാണിക്കാത്തതെന്നും കിയോസ്ക് സംവിധാനത്തിൽ സോഫ്റ്റ് വെയർ തകരാറുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സംഭവത്തിൽ വീണ്ടും വിശദമായ അന്വേഷണം നടത്താൻ ഫോർഡ് തീരുമാനിച്ചത്. അതിനിടെ, മിഷി​ഗൺ പ്ലാന്റിൽ കിയോസ്ക്കിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് പുറത്താക്കിയ മൂന്ന് ജീവനക്കാരെ കമ്പനി ഇതിനോടകം തിരിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

എന്താണ് സംഭവിച്ചത്...

ഫോർഡിന്റെ മിഷി​ഗൺ അസംബ്ലി പ്ലാന്റ്, കെന്റക്കിയിലെ ട്രക്ക് പ്ലാന്റ് തുടങ്ങിയ യുഎസിലെ വിവിധ ഫോർഡ് ഫാക്ടറികളിലാണ് കിയോസ്ക്കുകളിൽനിന്ന് മോഷണം നടത്തിയെന്ന് ആരോപിച്ച് ജീവനക്കാർക്കെതിരേ നടപടിയുണ്ടായത്. ഫാക്ടറികളിൽ അരാമാർക്ക് മുഖേന സ്ഥാപിച്ച കിയോസ്ക്കുകളിൽനിന്ന് ജീവനക്കാർ പണം നൽകാതെ ചിപ്സും കുക്കീസും അടക്കമുള്ള ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്നായിരുന്നു കണ്ടെത്തൽ. ഇതേത്തുടർന്ന് ചില ജീവനക്കാരെ പുറത്താക്കുകയുംചെയ്തു. എന്നാൽ, സംഭവം വിവാ​ദമായതോടെ ജീവനക്കാരുടെ സംഘടനകളടക്കം ഇടപെട്ടു. സോഫ്റ്റ് വെയർ തകരാറാണെന്നും ജീവനക്കാരെല്ലാം കാർഡിലൂടെയോ സ്കാനിങ്ങിലൂടെയോ പണമടക്കാൻ ശ്രമിച്ചതായും ഇവർ ചൂണ്ടിക്കാട്ടി.

നല്ല ശമ്പളമുള്ള ജോലിയുള്ളപ്പോൾ ഭക്ഷണം മോഷ്ടിക്കണോ...

ഫോർഡ് ഫാക്ടറികളിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്കുകളിൽ നേരത്തേ തന്നെ സാങ്കേതികപ്രശ്നങ്ങളുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. പണം അടച്ചാൽ പണമടച്ചതിന്റെ ബീപ് ശബ്ദം കേൾക്കുമെങ്കിലും ചിലസമയത്ത് ഇടപാട് പൂർത്തിയാകാതിരിക്കുക, പണമടയ്ക്കുന്ന സമയത്ത് സ്ക്രീൻ ഓഫായി പോവുക, രസീത് ലഭിക്കാതിരിക്കുക തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടെന്നും ജീവനക്കാർ പറയുന്നു.

കിയോസ്ക്കിൽനിന്ന് സാധനം മോഷ്ടിച്ചെന്ന ആരോപണം നേരിട്ട മിഷി​ഗൺ പ്ലാന്റിലെ ജീവനക്കാരനായ നബോസ്നിക്ക് സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ തുണയായത്. കിയോസ്ക്കിൽനിന്ന് സാധനമെടുത്ത ശേഷം ഇദ്ദേഹം കാർഡ് ടാപ്പ് ചെയ്യുന്നതും കിയോസ്ക്കിൽനിന്ന് ശബ്ദം കേൾക്കുന്നതും​ ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാൽ, പിന്നീട് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ മാത്രമാണ് ഇടപാട് പരാജയപ്പെട്ടിരുന്നതായുള്ള വിവരം താനറിഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു.

ഒൻപതുവർഷമായി നല്ല ശമ്പളത്തിൽ ജോലിചെയ്യുന്ന താൻ എന്തിനാണ് ഭക്ഷണം മോഷ്ടിച്ച് കുടുംബത്തിന്റെ വരുമാന മാർ​ഗം ഇല്ലാതാക്കുന്നതെന്നായിരുന്നു നബോസ്നിയുടെ ചോദ്യം. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സമാന ആരോപണത്തിലാണ് ഫോർഡിന്റെ കെന്റകി ട്രക്ക് പ്ലാന്റിലെ ഇലക്ട്രീഷ്യനായ കർട്ട് ക്രോമിനെയും പുറത്താക്കിയത്. 1.95 ഡോളർ വിലയുള്ള ചോക്ലേറ്റ് കുക്കീസ് മോഷ്ടിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് സിസിടിവി ദൃശ്യങ്ങളും മറ്റൊരു കിയോസ്ക്കിൽനിന്ന് ഇതിന്റെ പണമടച്ചതിന്റെ വിവരങ്ങളും ഇദ്ദേഹം കമ്പനിയിൽ ഹാജരാക്കിയിരുന്നു.

ചില പ്രശ്നങ്ങളുണ്ട്, അന്വേഷണം നടത്തുന്നു...

ഫാക്ടറികളിലെ കിയോസ്ക്കുകളിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും സംഭവത്തിൽ അരാമാർക്കുമായി ചേർന്ന് അന്വേഷണം നടത്തുന്നതായും ഫോർഡ് വക്താവ് ഡേവ് ടോവർ സ്ഥിരീകരിച്ചു. കിയോസ്ക്കുകൾ പരിശോധിച്ചുവരികയാണെന്ന് അരാമാർക്ക് വക്താവ് ക്രിസ് കോല്ലോമും മാധ്യമങ്ങളോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും ഭീഷണി മുഴക്കി ട്രംപ്; 'ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും'
പ്രതിസന്ധിയിലായ ഇന്ത്യൻ വീട്ടുജോലിക്കാർക്ക് എംബസിയുടെ കൈത്താങ്ങ്; പരാതികൾ നേരിട്ട് കേട്ട് അംബാസഡർ പ്രശാന്ത് പിസെ