'ഞങ്ങളോട് കളിക്കാൻ നിൽക്കേണ്ട, ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ തേടിപ്പിടിച്ചിരിക്കും'; ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയെന്ന് നെതന്യാഹു

Published : Sep 30, 2026, 01:14 AM IST
Netanyahu Warns Enemies

Synopsis

ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശത്രുക്കൾ ആക്രമണത്തിന് മുതിർന്നേക്കാമെന്നും എന്നാൽ എവിടെയാണെങ്കിലും അവരെ തേടിപ്പിടിച്ച് ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

ടെൽ അവീവ്: ഇസ്രായേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ തങ്ങളോട് കളിക്കാൻ നിൽക്കേണ്ടെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേൽ സൈന്യം തേടിപ്പിടിച്ചിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഐഡിഎഫ് വ്യോമസേനയുടെ ടെൽ നോഫ് ബേസിൽ സംസാരിക്കുകയായിരുന്നു ബെഞ്ചമിൻ നെതന്യാഹു .

സൈനികരുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങൾ ഉപേക്ഷിച്ച് പിന്മാറാൻ ഇസ്രായേലിന് മേൽ വലിയ സമ്മർദമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. "നമുക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദ്ദവുമുണ്ട്. നമ്മുടെ പോരാളികളുടെ ധീരതയിലൂടെ നേടിയെടുത്ത കാര്യങ്ങൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പിന് മുൻപായി നമ്മളെ ആക്രമിക്കാൻ ശത്രുക്കൾ ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഈ വ്യോമസേനാ താവളത്തിൽ നിന്ന് അവർക്കൊരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങളോട് കളിക്കാൻ നിൽക്കേണ്ട, ഇപ്പോഴും എപ്പോഴും. ഞങ്ങളുടെ കൈകൾ എവിടെയും എപ്പോൾ വേണമെങ്കിലും നിങ്ങളിലേക്ക് എത്തും"- നെതന്യാഹു വ്യക്തമാക്കി.

ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങളെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ നൂറിലധികം ഭീകരരെയാണ് ഇസ്രായേൽ വധിച്ചത്. ഹമാസിന്റെ നോർത്തേൺ ഗാസ ബ്രിഗേഡ് കമാൻഡറെ വധിച്ചു. ഇതിന് മുൻപും പലരെയും നമ്മൾ ഇല്ലാതാക്കിയിട്ടുണ്ട്. ഗാസയിൽ മാത്രം നൂറിലധികം ഭീകരരെയാണ് ഈ ആഴ്ചകളിൽ വധിച്ചത്. ലെബനനിലും നമ്മുടെ സൈന്യം ശക്തമായി ഇടപെടുന്നുണ്ട്. അലി താഹർ റിഡ്ജിൽ നമ്മൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടാകുമല്ലോ എന്നും നെതന്യാഹു ചോദിച്ചു.

ഹമാസിന്റെ നോർത്തേൺ ഗാസ സ്ട്രിപ്പ് ബ്രിഗേഡ് കമാൻഡറായ ഇസ് അൽ ദിൻ ബിക്കിനെ രാത്രി നടന്ന ഓപ്പറേഷനിൽ വധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേൽ സൈന്യത്തിനെതിരെ ഗൂഢാലോചന നടത്തിയതിലും ഹമാസിലേക്ക് ആളുകളെ ചേർത്തതിലും ഇസ് അൽ ദിൻ ബിക്കിന് പങ്കുണ്ടെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകൾ, ഒൻപത് സൈനികർ കൊല്ലപ്പെട്ടു
ആണവ ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ