
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെയായി മാറുമെന്ന മുന്നറിയിപ്പുമായി ശതകോടീശ്വരൻ. പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെയായി മാറും എന്നാണ് ശതകോടീശ്വരനായ റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ ബാരി സ്റ്റേൺലിക്റ്റ് മുന്നറിയിപ്പ് നൽകിയത്. ജനുവരി 1-നാണ് മംദാനി സ്ഥാനമേൽക്കുക. സ്റ്റാർവുഡ് കാപിറ്റൽ ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഒയുമായ സ്റ്റേൺലിക്റ്റ്, മംദാനിയുടെ വിജയത്തിന് പിന്നാലെ തന്‍റെ സ്ഥാപനം ന്യൂയോർക്കിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സിഎൻബിസിയോട് പറഞ്ഞു.
വർധിച്ചുവരുന്ന ചെലവുകളും ബിസിനസ് വിരുദ്ധ നയങ്ങളും കാരണം മറ്റ് കമ്പനികളും നഗരത്തിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ മാറ്റിയേക്കാം എന്നും അദ്ദേഹം പ്രവചിച്ചു. മിഡ്‌ടൗൺ മാൻഹട്ടനിൽ ഓഫീസുകളും ന്യൂയോർക്കിൽ വിപുലമായ വാണിജ്യ, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റുകളുമുള്ള സ്റ്റാർവുഡ് കാപിറ്റൽ ഗ്രൂപ്പ്, പ്രധാനപ്പെട്ട വികസന പദ്ധതികളിൽ ദീർഘകാലമായി ഏർപ്പെട്ടിരുന്ന സ്ഥാപനമാണ്. എന്നാൽ, നിർബന്ധിത യൂണിയൻ നിയമങ്ങളും വർധിച്ചുവരുന്ന പ്രോജക്റ്റ് ചെലവുകളും കൂടുതൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു എന്ന് സ്റ്റേൺലിക്റ്റ് പറഞ്ഞു.
"100 മില്യൺ ഡോളറിന് മുകളിലുള്ള ന്യൂയോർക്കിലെ എല്ലാ പ്രോജക്റ്റുകളും യൂണിയൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്, അത് വളരെയധികം ചെലവേറിയതാണ്. ഇത് താമസസ്ഥലങ്ങളുടെ വില കുത്തനെ കൂട്ടുന്നു. മറ്റ് ഡെവലപ്പർമാർ യൂണിയനുകളുമായി കരാറുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, അവരാണ് ന്യൂയോർക്കിനെ ഭരിക്കുന്നത്. നീല സംസ്ഥാനങ്ങളിൽ (ഡെമോക്രാറ്റിക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ) ചെലവ് വർദ്ധിക്കാനും വീടുകളുടെ വിതരണം കൂട്ടാൻ ബുദ്ധിമുട്ട് നേരിടാനും ഉള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്," സ്റ്റേൺലിക്റ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
"അതുപോലെ, ഇടതുപക്ഷക്കാർ കൂടുതൽ തീവ്രമാകുമ്പോൾ വാടകക്കാർ പണം നൽകേണ്ടതില്ല എന്ന് പറയുന്നു. വാടക നൽകിയില്ലെങ്കിൽ നിങ്ങൾക്ക് അവരെ പുറത്താക്കാൻ കഴിയില്ല. അപ്പോൾ ഒരു വാടകക്കാരൻ പണം നൽകുന്നില്ലെന്ന് അയൽവാസി അറിയുന്നു, അവരും പണം നൽകില്ല. അടുത്ത ആളും പണം നൽകില്ല. അതോടെ നിങ്ങൾ അടിസ്ഥാനപരമായി ന്യൂയോർക്ക് സിറ്റിയെ മുംബൈയെപ്പോലെയാക്കി മാറ്റും" സ്റ്റേൺലിക്റ്റ് മുന്നറിയിപ്പ് നൽകി.