
ലണ്ടൻ : ദേഹത്ത് തീപിടിച്ച നിലയിൽ ലണ്ടനിലെ തെരുവിലൂടെ ഓടുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റായ 'ഇന്ത്യൻ അരോമ'യിലെ തീവെപ്പിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റെസ്റ്റോറന്റിനകത്തെ സിസിടിവി ദൃശ്യങ്ങളിൽ, മുഖംമൂടി ധരിച്ച മൂന്ന് പേർ അകത്തേക്ക് കയറി തറയിൽ ഒരു ദ്രാവകം ഒഴിക്കുന്നതും തീ കൊടുക്കുന്നതും കാണാം. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. റസ്റ്റോറന്റിലുണ്ടായിരുന്നവരും ജീവനക്കാരും പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തെരുവിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ദേഹത്ത് തീപിടിച്ച നിലയിലുള്ള ആളുടെ വീഡിയോ ദൃശ്യങ്ങളുള്ളത്.
തീവെപ്പിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം 5 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരിലൊരാൾ 15 വയസുകാരനും ഒരാൾ 54 വയസുകാരനുമാണ്.
റെസ്റ്റോറൻ്റിൻ്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തിയ ശേഷമാണ് റെസ്റ്റോറൻ്റിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തിയത്. ഒമ്പതോളം പേർ ഫയർ ബ്രിഗേഡ് എത്തുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങിയതായി റിപ്പോർട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുൻപ് സംഭവസ്ഥലത്ത് നിന്ന് പോയ രണ്ട് പേരെ തിരയുന്നുണ്ട്. രോഹിത് കലുവാല എന്ന ഇന്ത്യക്കാരനാണ് റെസ്റ്റോറന്റ് മാനേജർ. റെസ്റ്റോറൻ്റിൻ്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam