ബോട്ടിലേക്ക് കയറാനുള്ള പ്ലാറ്റ്ഫോമിന് ചുറ്റും വട്ടമിട്ട് നീന്തി മുതലയും സ്രാവുകളും, ഭയന്ന് സഞ്ചാരികൾ - വീഡിയോ

Published : Aug 25, 2025, 11:54 AM IST
crocodile shark

Synopsis

ബോട്ടുകളിലേക്ക് ആളുകൾക്ക് കയറാനായി തയ്യാറാക്കിയ പ്ലാറ്റ്ഫോമിന് പരിസരത്തായാണ് മുതലയും സ്രാവും വട്ടമിട്ട് നീന്തി തുടങ്ങിയത്

സൗത്ത് കരോലിന: വിനോദ സഞ്ചാരികൾ നിരവധിയെത്തുന്ന ബീച്ചിന് സമീപത്തായി വിഹരിച്ച് സ്രാവുകളും മുതലകളും. ജലത്തിലെ ഭീകരന്മാരെ ഒന്നിച്ച് കണ്ടതിന്റെ ഞെട്ടലിലാണ് അവധി ദിവസങ്ങൾ ആഘോഷിക്കാനായി ബീച്ചിലെത്തിയവർ. സൗത്ത് കരോലിനയിലെ ഹിൽട്ടൺ ഹെഡ് ഐലാൻഡിലെ മറീനയിലാണ് സംഭവം. ചിക്കാഗോയിൽ നിന്ന് അവധി ആഘോഷത്തിനായി ഇവിടെയെത്തിയ യുവതി അപ്രതീക്ഷിതമായാണ് വെള്ളത്തിൽ തീരത്തോട് ചേ‍ർന്ന് മുതലകളേയും സ്രാവുകളേയും കണ്ടെത്തിയത്. സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽ പ്പെടുത്തിയതോടെ നിമിഷങ്ങൾക്കുള്ളിൽ ആളുകൾ കരയിലേക്ക് എത്തി. വെള്ളത്തിലെ ഭീകരന്മാർ പല തവണ മുഖാമുഖം വന്ന ശേഷവും പരസ്പരം ആക്രമിച്ചില്ല. അതേസമയം ഇതിനിടയിലേക്ക് മനുഷ്യരെത്തിയാൽ അവസ്ഥ മാറുമെന്നാണ് കണ്ടുനിൽക്കുന്നവർ വിശദമാക്കുന്നത്. ബോട്ടുകളിലേക്ക് ആളുകൾക്ക് കയറാനായി തയ്യാറാക്കിയ പ്ലാറ്റ്ഫോമിന് പരിസരത്തായാണ് മുതലയും സ്രാവും വട്ടമിട്ട് നീന്തി തുടങ്ങിയത്.

ആറ് അടി വരെ നീളമുള്ള മുതലകൾ റോഡിൽ വരെ എത്തുന്ന ഇടങ്ങളിലൊന്നാണ് ഹിൽട്ടൺ ഹെഡ് ഐലാൻഡ്. ജല ഭീകരന്മാരെ കണ്ടതോടെ വിനോദ സഞ്ചാരികൾ സമീപത്തെ ഹോട്ടലുകളിൽ അഭയം തേടുകയായിരുന്നു. ഈ ഭാഗത്തായി മത്സ്യബന്ധനം നടത്തിയവർ വല വൃത്തിയാക്കുന്നത് കണ്ടിരുന്നുവെന്നും ഇതാവാം ഇവയെ ഇവിടേക്ക് എത്തിച്ചതെന്നുമാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. മനുഷ്യരോട് അതീവ ആക്രമണ സ്വഭാവം പുലർത്താത്ത ലെമൺ സ്രാവുകളാണ് തീരത്തിന് സമീപത്ത് എത്തിയത്. എന്നാൽ ആശങ്കപ്പെടാതിരിക്കേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

ആളുകൾ കൂടിയതോടെ സ്രാവുകൾ കടലിലേക്ക് തിരിച്ച് പോയെങ്കിലും മുതല പ്ലാറ്റ്ഫോമിന് അടിയിൽ ഒളിച്ചുവെന്നുമാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. ശുദ്ധജലവും കടലുമായി ചേരുന്ന മേഖലയായ സ്കൾ ക്രീക്കിലാണ് അപൂ‍ർവ കാഴ്ച. സാധാരണ ഗതിയിൽ മുതലകൾ ഉപ്പുവെള്ളത്തിലേക്ക് ഇറങ്ങുന്നത് ഇണ ചേരാനും ഇര തേടാനും ആണെന്നാണ് സൗത്ത് കരോലിന ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ