
ജറുസലേം: വെനസ്വേലയിൽ നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സൈന്യത്തിന്‍റെ നാടകീയമായ നീക്കത്തെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ധീരവും ചരിത്രപരവുമായ നേതൃത്വത്തെ താൻ സല്യൂട്ട് ചെയ്യുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി. അമേരിക്കൻ സൈനികരുടെ അസാമാന്യമായ കരുത്തിനെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ച നെതന്യാഹു, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈ നടപടി സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വെനസ്വേലയിലെ ഏകാധിപത്യ ഭരണത്തിന് കീഴിൽ ദുരിതമനുഭവിച്ച ജനതയ്ക്കൊപ്പം ഇസ്രായേൽ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഡുറോയുടെ അറസ്റ്റിനെ ഇസ്രായേൽ തങ്ങളുടെ ശത്രുരാജ്യമായ ഇറാനുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് കാണുന്നത്. ഇറാൻ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്നും അടിച്ചമർത്തുന്ന ഭരണകൂടങ്ങൾക്കെതിരെയുള്ള ലോകത്തിന്‍റെ ജാഗ്രതയാണിതെന്നും നെതന്യാഹു പറഞ്ഞു. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇറാൻ ഭരണകൂടം അതീവ ശ്രദ്ധയോടെ വീക്ഷിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാർ ലാപിഡും മുന്നറിയിപ്പ് നൽകി. ഇറാനും വെനസ്വേലയും തമ്മിലുള്ള അടുത്ത സൈനിക-സാമ്പത്തിക ബന്ധം കണക്കിലെടുക്കുമ്പോൾ, മഡുറോയുടെ വീഴ്ച ഇറാനും വലിയ തിരിച്ചടിയാകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സാർ പറഞ്ഞു.
മഡുറോയുടെ നീക്കം ലഹരിക്കടത്തിനെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ പുറത്താകൽ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്നുമാണ് ഇസ്രായേലിന്‍റെ ഔദ്യോഗിക നിലപാട്. മഡുറോയ്ക്ക് ശേഷം വരുന്ന പുതിയ ജനാധിപത്യ ഭരണകൂടവുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇസ്രായേൽ തത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപും നെതന്യാഹുവും തമ്മിലുള്ള അടുത്ത സൗഹൃദം വെനസ്വേലയുടെ ഭാവി കാര്യങ്ങളിൽ ഇസ്രായേലിന്‍റെ സ്വാധീനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam