
നോർത്താംപ്ടൺ: ബ്രിട്ടനിലെ നോർത്താംപ്ടണിൽ ഒരു കൂട്ടം ആളുകൾ ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നൽകാതെ കടന്നുകളയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഓഗസ്റ്റ് നാലിന് സാഫ്രോൺ റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്ന് 'ദ ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്യുന്നു. റെസ്റ്റോറന്റ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നാല് യുവാക്കൾ റെസ്റ്റോറന്റിലേക്ക് കയറി ഭക്ഷണം ഓർഡർ ചെയ്യുന്നത് കാണാം. മറ്റൊരു വീഡിയോയിൽ അവർ ഭക്ഷണം കഴിച്ച് ബിൽ നൽകാതെ പുറത്തേക്ക് ഓടിപ്പോകുന്നതാണ് ഉള്ളത്. ഇവരെ പിന്തുടർന്ന് ഒരു വെയിറ്റർ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പിന്നീട് റെസ്റ്റോറന്റ് പങ്കുവെച്ച ബില്ല് അനുസരിച്ച്, 197.30 പൗണ്ടിൻ്റെ (ഏകദേശം 23,000 രൂപ) ഭക്ഷണം കഴിച്ചതായി കാണിക്കുന്നു. കറികൾ, ലാംബ് ചോപ്സ്, മറ്റ് വിഭവങ്ങൾ എന്നിവ ഇവർ ഓർഡർ ചെയ്തിരുന്നു. സംഭവത്തിന് ശേഷം, റെസ്റ്റോറന്റ് യുവാക്കളെ കണ്ടെത്താനായി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. "പ്രാദേശിക ബിസിനസുകൾക്ക് ഒരു മുന്നറിയിപ്പ്! കഴിഞ്ഞ രാത്രി ഏകദേശം 10:15-ന് നാല് യുവാക്കൾ ഞങ്ങളുടെ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുകയും പണം നൽകാതെ പോകുകയും ചെയ്തു. ഇത് മോഷണം മാത്രമല്ല, കഠിനാധ്വാനം ചെയ്യുന്ന ചെറുകിട ബിസിനസുകളെയും ഞങ്ങളുടെ പ്രാദേശിക സമൂഹത്തെയും ബാധിക്കുന്നു," റെസ്റ്റോറന്റ് പോസ്റ്റിൽ കുറിച്ചു.
സംഭവം പോലീസിൽ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും, ഈ ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നവർ നേരിട്ടോ പൊലീസിലോ അറിയിക്കണമെന്നും റെസ്റ്റോറന്റ് അഭ്യർത്ഥിച്ചു. ഇതിനെക്കുറിച്ച് നോർത്താംപ്ടൺഷയർ പോലീസ് അന്വേഷണം ആരംഭിച്ചതായി 'ദ ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്തു. സാമൂഹികമാധ്യമങ്ങളിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. "പണം കൊടുക്കാൻ കഴിയില്ലെങ്കിൽ വീട്ടിലിരുന്ന് കഴിക്കണം", "ഇത് വളരെ മോശം പ്രവർത്തിയാണ്", "ഇവരെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു" എന്നിങ്ങനെ നിരവധി കമൻ്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.