
വാഷിംഗ്ടൺ: യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി. രാജ്യത്തുടനീളം അലയടിച്ച ബ്ലൂ വേവിൽ കോൺഗ്രസിന്‍റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ടെക്സസ്, കാൻസാസ്, സൗത്ത് കരോലിന, അയോവ, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലെല്ലാം ഡെമോക്രാറ്റുകൾ വൻ അട്ടിമറിയാണ് വിജയം നേടിയത്.
ട്രംപിന്‍റെ നേതൃത്വത്തിനും അദ്ദേഹത്തിന്‍റെ നയങ്ങൾക്കുമുള്ള കനത്ത തിരിച്ചടിയായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക സ്ഥിതിയിലെ തകർച്ച, ഇറാൻ യുദ്ധം, ഭരണപരമായ വീഴ്ചകൾ എന്നിവയിൽ വോട്ടർമാർക്കുള്ള അമർഷമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായത്. ടെക്സസിൽ ജെയിംസ് തലാറിക്കോ അറ്റോർണി ജനറൽ കെൻ പാക്സ്റ്റനെ പരാജയപ്പെടുത്തിയപ്പോൾ, ഗവർണർ തെരഞ്ഞെടുപ്പിൽ ജിന ഹിനോജോസ വിജയം കണ്ടു. കാൻസാസിൽ ആദം ഹാമിൽട്ടണിലൂടെ ദശാബ്‍ദങ്ങൾക്ക് ശേഷമാണ് ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഹൗസ് മൈോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് അടുത്ത ജനുവരിയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ കറുത്തവർഗ്ഗക്കാരനാകാൻ ഒരുങ്ങുകയാണ്. സെനറ്റ് മൈോറിറ്റി ലീഡർ ചക്ക് ഷുമർ ഭൂരിപക്ഷ നേതൃത്വത്തിലേക്ക് തിരിച്ചെത്തും.
ഈ തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കൻ പാർട്ടിക്ക് അകത്തും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രംപിന്‍റെ രാഷ്ട്രീയ ആധിപത്യത്തിന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. റിപ്പബ്ലിക്കൻ നേതാക്കളായ ജെ ഡി വാൻസ്, ടെഡ് ക്രൂസ് തുടങ്ങിയവരും പാർട്ടിക്കുള്ളിലെ പുതിയ അധികാര കേന്ദ്രങ്ങളും ട്രംപിന്‍റെ നിലപാടുകളിൽ നിന്ന് അകലം പാലിച്ച് തുടങ്ങിയിട്ടുണ്ട്. ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് തിരഞ്ഞെടുപ്പ് ഫലത്തെ 'വാട്ടർഗേറ്റ് മാതൃകയിലുള്ള തിരിച്ചടി' എന്നാണ് വിശേഷിപ്പിച്ചത്. ജീവിതച്ചെലവ് വർദ്ധിച്ചതും ഇറാൻ യുദ്ധവും പാർട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
കോൺഗ്രസിന്‍റെ നിയന്ത്രണം ലഭിക്കുന്നതോടെ ട്രംപിന്‍റെ നിയമനിർമ്മാണങ്ങൾക്കും മന്ത്രിസഭാ നിയമനങ്ങൾക്കും സുപ്രീം കോടതി ഒഴിവുകളിലേക്കുള്ള നാമനിർദ്ദേശങ്ങൾക്കും കനത്ത തടസങ്ങൾ നേരിടേണ്ടിവരും. ഭരണകൂടത്തിന്‍റെ നയങ്ങൾ, ഇറാൻ യുദ്ധം, കുടുംബ ബിസിനസ് ഇടപാടുകൾ എന്നിവയെക്കുറിച്ച് അന്വേഷണങ്ങൾ നടത്താൻ ഡെമോക്രാറ്റുകൾക്ക് ഇതിലൂടെ സാധിക്കും. പ്രസിഡന്‍റിന് വീറ്റോ അധികാരമുണ്ടെങ്കിലും, ട്രംപിന്‍റെ എക്സിക്യൂട്ടീവ് അധികാരങ്ങൾക്ക് മേൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പുതിയ കോൺഗ്രസിന് സാധിക്കും. 2029 ജനുവരി വരെ വൈറ്റ് ഹൗസിൽ തുടരുമെങ്കിലും ശേഷിക്കുന്ന കാലയളവിൽ ട്രംപിന് കാര്യമായ നിയമനിർമ്മാണങ്ങൾ നടത്താനാകാത്ത സ്ഥിതി വിശേഷം സംജാതമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam